മഴക്ക് ശമനം ക്യാമ്പുകളില്‍ നിന്നും ആളുകള്‍ വീട്ടിലേക്ക്

post

ഇടുക്കി : കനത്ത മഴയ്ക്ക് ശമനമായതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ആളുകള്‍ വീട്ടിലേക്ക് മടങ്ങി തുടങ്ങി. അപകട ഭീഷണി മുന്‍നിര്‍ത്തി സുരക്ഷാ മുന്‍കരുതലായി ക്യാമ്പുകളിലെത്തിയവരാണ് മഴ കുറഞ്ഞതോടെ സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേയ്ക്കുമായി മടങ്ങിപ്പോയത്. വീടിന് പൂര്‍ണ്ണമായോ ഭാഗികമായോ നാശം സംഭവിച്ചവര്‍ ഇപ്പോഴും ക്യാമ്പില്‍ തുടരുന്നു. കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പില്‍ 85 കുടുംബങ്ങളില്‍ നിന്നായി 289 പേരാണ് അധിവസിച്ചിരുന്നത്. നിലവില്‍ 12 കുടുംബങ്ങളില്‍ നിന്നുള്ള 39 പേര്‍ മാത്രമാണുള്ളത്. ഇതില്‍ ഏഴു പേര്‍ കുട്ടികളാണ്. ഉപ്പുതറ പഞ്ചായത്തിലെ ചപ്പാത്ത് കമ്യൂണിറ്റി ഹാളിലെ ക്യാമ്പിലുണ്ടായിരുന്നവര്‍ വീടുകളിലേക്ക് മടങ്ങിയതിനാല്‍ ക്യാമ്പ് പിരിഞ്ഞു. 21 പേരാണ് ഇവിടെ ഉണ്ടായിരുന്നത്. 90 പേരുണ്ടായിരുന്ന
ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പില്‍ ഇപ്പോള്‍ 18 കുടുംബങ്ങളില്‍ നിന്നായി 42 പേരാണുള്ളത്. കാഞ്ചിയാര്‍ വനിതാ സാംസ്‌കാരിക നിലയത്തിലെ ക്യാമ്പില്‍ 44 കുടുംബങ്ങളില്‍ നിന്നായി 74 ആളുകള്‍ അധിവസിക്കുന്നു. മഴ കുറയുന്ന സാഹചര്യത്തില്‍ വീടുകളിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇവരില്‍ പലരും.
 
എല്ലാ ക്യാമ്പുകളിലും വിവിധ ആരോഗ്യ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവുംസുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരും പ്രവര്‍ത്തന സന്നദ്ധരായി അംഗന്‍വാടി, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചുവരുന്നു. അതത് തദ്ദേശഭരണ സ്ഥാപന അധികൃതര്‍, ജനപ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നു.