ജില്ലാ പഞ്ചായത്ത് ലൈബ്രറികള്‍ക്ക് പ്രൊജക്ടറുകള്‍ വിതരണം ചെയ്തു

post

ആലപ്പുഴ: ജില്ലയില്‍ ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള തിരഞ്ഞടുക്കപ്പെട്ട 46 ഗ്രന്ഥശാലകള്‍ക്ക് പ്രൊജക്ടര്‍ നല്‍കുന്ന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 46 ലൈബ്രറികള്‍ക്കാണ് പ്രോജക്ടറുകള്‍ വിതരണം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പ്രൊജക്ടറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വ്വഹിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനടക്കമുള്ള കാര്യങ്ങള്‍ക്ക് ലൈബ്രറികള്‍ക്ക് അനുവദിക്കുന്ന പ്രൊജക്ടറുകള്‍ സഹായകരമാകുമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ലൈബ്രറികള്‍ പലതും ഓണ്‍ലൈന്‍ ക്ലാസ്സ് മുറികളായി മാറിക്കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രോജക്ടറും മോട്ടോറൈസ്ഡ് സ്‌ക്രീനുമാണ് 46 ലൈബ്രറികള്‍ക്കായി വിതരണം ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2019-20 സാമ്പത്തിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പളം ദ്വീപില്‍ വള്ളം മറിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ചടങ്ങില്‍ ആദരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.റ്റി മാത്യൂ, കെ.സുമ,കെ,കെ അശോകന്‍, സിന്ധു വിനു, പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ ദേവദാസ് എന്നിവര്‍ പങ്കെടുത്തു.