കേരള ബാങ്കിനെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും

post

കണ്ണൂര്‍: കേരളത്തിന്റെ സമസ്ത മേഖലകളെയും മെച്ചപ്പെടുത്തുന്ന സാമ്പത്തിക രംഗത്തെ മികച്ച ക്രമീകരണമായ കേരള ബാങ്കിനെതിരെ ആക്ഷേപമുന്നയിക്കുന്നവര്‍ ഒറ്റപ്പെടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍.  കേരള സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും അഭിമാന പദ്ധതിയായ കേരള ബാങ്ക് യാഥാര്‍ഥ്യമായതിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ഘോഷയാത്ര സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ കുതിപ്പാണ് കേരള ബാങ്ക്. വന്‍കിട സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ചൂഷണങ്ങളില്‍ നിന്നും രക്ഷനേടാന്‍ കേരള ബാങ്ക് യാഥാര്‍ഥ്യമാകണമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാര്‍ ഭയപ്പെടേണ്ടതില്ലെന്നും അവരുടെ സര്‍വീസ് ചട്ടങ്ങളും താല്പര്യങ്ങളും സംരക്ഷിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. 

കാലോചിതമായും ഫലപ്രദമായും കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സിനെ കേരള വികസനത്തിനായി പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ ഇന്നുവരെയുള്ള വളര്‍ച്ചയില്‍ സഹകരണ പ്രസ്ഥാനം വഹിച്ചത് നിസ്തുലമായ പങ്കാണെന്നും ആധുനിക കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് കേരള ബാങ്ക് ഉയരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷനായി. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് പി ശശികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം കെ ദിനേശ് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡ് വൈസ് പ്രസിഡന്റ് പി ഹരീന്ദ്രന്‍, പി എ സി എസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി പി ദാമോദരന്‍, കെ കെ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു.