ജാഗ്രത കൈവിടരുത്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം- കെ കെ ശൈലജ ടീച്ചര്‍

post

കാസര്‍കോട് : ജില്ലയുടെ  അതിര്‍ത്തി പ്രദേശത്തെ പ്രധാന ആശ്രയ കേന്ദ്രമായ പാണത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിനായി പുതിതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും  ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന പ്രഖ്യാപനവും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. കോവിഡ് പ്രവര്‍ത്തനങ്ങളിലും മലയോര മേഖലയില്‍ പടര്‍ന്നു പിടിക്കുന്ന ഡെങ്കിപ്പനിക്കുമെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. ആശങ്കയില്ലാതെ ഓരോ വ്യക്തിയും ജാഗ്രതയോടെ സ്വയം മുന്‍കരുതലുകള്‍ സ്വീകരിക്കണം. ചെറിയൊരു അശ്രദ്ധ പോലും വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കാനിടയാക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ജാഗ്രത കൈവിടാതെ നമ്മള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ ഫലമാണ് ലോകത്തിന് തന്നെ മാതൃകയായ ആരോഗ്യ രംഗത്ത്കാസര്‍കോടന്‍ മാതൃകയാവാന്‍ നമുക്കായത്. മൂന്നാംഘട്ടത്തില്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.  ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി, കാസര്‍കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി രാംദാസ്,  മുന്‍ എം.പി പി കരുണാകരന്‍, നബാര്‍ഡ് പ്രതിനിധി ജ്യോതിസ് ജഗന്‍നാഥ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഇ പത്മാവതി, എം നാരായണന്‍,  കാസര്‍കോട് ഡി പി എം രാമന്‍ സ്വാതി വാമന്‍ എന്നിവര്‍ സംസാരിച്ചു. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍ സ്വാഗതവും താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ മുഹമ്മദ് ആസിഫ് നന്ദിയും പറഞ്ഞു.