ഒരേ കാര്യത്തിനായി രണ്ടില്‍ കൂടുതല്‍ തവണ പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ വരാനുള്ള സാഹചര്യം ഒഴിവാക്കണം

post

മലപ്പുറം : തവനൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപന ചടങ്ങ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീല്‍  ഉദ്ഘാടനം ചെയ്തു.  തവനൂര്‍ ഗ്രാമപഞ്ചായത്തിന്റെ കൂട്ടായ പരിശ്രമങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും ലഭിച്ച പ്രതിഫലമാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റെന്നും 2020 ജനുവരി ഒന്നു മുതല്‍ തവനൂര്‍ പഞ്ചായത്തില്‍ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് രണ്ടില്‍ കൂടുതല്‍ തവണ ഒരു കാര്യത്തിനായി ഓഫീസില്‍ വരാനുള്ള സാഹചര്യം കഴിവതും ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്രാമ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അബ്ദുള്‍ നാസര്‍ അധ്യക്ഷനായി. ഐ.എസ്.്ഒ സര്‍ട്ടിഫിക്കറ്റ് മന്ത്രി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ  മന്ത്രി ആദരിച്ചു. യുവകവി ശ്രീജിത്ത് അരിയല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ടി.അബ്ദുള്‍ സലീം,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. എ.രാജന്‍, വൈസ് പ്രസിഡന്റ് സി.പി നസീറ, ജില്ലാ പഞ്ചായത്ത്‌മെമ്പര്‍മാരായ കെ. ദേവികുട്ടി, കെ.വി സജിത, പഞ്ചായത്ത് അംഗങ്ങളായ ടി.വി  ശിവദാസ്, സജിത, കെ.വി.വേലായുധന്‍, പി വി.ജയരാജന്‍, മിസ്രിരിയ, ഗോപി തടത്തില്‍, സി.പി സിന്ധു, പി. സുലൈമാന്‍, രാധാകൃഷണന്‍, സി. സുനിത എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് തവനൂര്‍ പാപ്പിനിക്കാവില്‍ നിന്നും ഘോഷയാത്ര സംഘടിപ്പിച്ചു.  ജനപ്രതിനിധികള്‍, കുടംബശ്രീ, അങ്കണവാടി, ആശ, കുടംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍  പങ്കെടുത്തു.