ജില്ലയില്‍ 31 വാര്‍ഡുകള്‍ കണ്ടെയിന്‍മന്റ് സോണില്‍

post

18 വാര്‍ഡുകള്‍ കൂടി പുതുതായി ഉള്‍പ്പെടുത്തി

ഭക്ഷണ ശാലകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും

മലപ്പുറം : കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ 18 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ പുതുതായി ഉള്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കോവിഡ് പ്രതിരോധ ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. നേരത്തെയുള്ള 13 വാര്‍ഡുകള്‍ക്ക് പുറമെയാണിത്. ഇതോടെ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട വാര്‍ഡുകള്‍ 31 ആയി. ഇവിടങ്ങളില്‍ അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തിലെ 2, 3 വാര്‍ഡുകളും കുറുവ ഗ്രാമ പഞ്ചായത്തിലെ 9, 10, 11, 12, 13 വാര്‍ഡുകളും കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 12-ാം വാര്‍ഡും എടപ്പാള്‍ ഗ്രാമ പഞ്ചായത്തിലെ 7, 8, 9, 10, 11, 17, 18 വാര്‍ഡുകളുമാണ് പുതിയതായി പട്ടികയില്‍ ഉള്‍പ്പെട്ടത്. നേരത്തെ പ്രഖ്യാപിച്ച മഞ്ചേരി നഗരസഭയിലെ 5, 6, 7, 9, 12, 14, 16, 33, 45, 46, 50 വാര്‍ഡുകളും തിരൂരങ്ങാടി നഗരസഭയിലെ വാര്‍ഡ് 38, ആനക്കയം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 21 എന്നിവയും കണ്ടെയിന്‍മെന്റ് സോണില്‍ തുടരും.

കണ്ടെയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍

• മേല്‍പ്പറഞ്ഞ വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തര വൈദ്യ സഹായത്തിനും അവശ്യ വസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്.

• പുറത്തിറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. കൃത്യമായ ഇടവേളകളില്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം.

• പുറത്തുനിന്നുള്ളവര്‍ കണ്ടെയിന്‍മെന്റ് സോണിലേക്ക് പ്രവേശിക്കാനും പാടില്ല.

• ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പോസ്റ്റ് ഓഫീസുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കൊറിയര്‍ സര്‍വ്വീസ് സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം.

• ഭക്ഷണ ശാലകള്‍, അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ എന്നിവ മാത്രം രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് ഒരുമണി വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാം. മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല.

• ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് അനുവദിക്കും.

• ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ എന്നിവക്ക് 50 ശതമാനം ജീവനക്കാരുമായി അനുവദനീയമായ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മണിവരെ പ്രവര്‍ത്തിക്കാം.

• പാല്‍, പത്രം, മാധ്യമ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബ് എന്നിവ ആരോഗ്യ ജാഗ്രത ഉറപ്പാക്കി പ്രവര്‍ത്തിക്കാം.

• വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവക്ക് അനുവദിച്ചിട്ടുള്ള എണ്ണം ആളുകള്‍ മാത്രമെ സാമൂഹ്യ അകലം പാലിച്ച് ഒത്തു ചേരാവൂ.  

• നിര്‍മ്മാണ പ്രവൃത്തികള്‍, തൊഴിലുറപ്പ് ജോലികള്‍ എന്നിവ സാമൂഹ്യ അകലം പാലിച്ച് സുരക്ഷാ മുന്‍കരുതലുകളോടെ ചെയ്യാവുന്നതാണ്.

ഭക്ഷണ ശാലകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും

കോവിഡ് സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോട്ടല്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ തുടങ്ങിയ ഭക്ഷണ ശാലകളില്‍ ജുലൈ 15 വരെ ഭക്ഷണം പാര്‍സലായി നല്‍കാന്‍ മാത്രമെ അനുമതിയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതനുവദിക്കില്ല. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പൊലീസ്, ആരോഗ്യം, ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ കര്‍ശനമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ഭക്ഷ്യ ശാലകള്‍ക്കുള്ള നിയന്ത്രണങ്ങള്‍

• ഹോട്ടല്‍, റസ്റ്റോറന്റുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍ തുടങ്ങിയ ഭക്ഷണ വിതരണ ശാലകളില്‍ ജുലൈ 15 വരെ പാര്‍സല്‍ സര്‍വീസിനു മാത്രമാണ് അനുമതി.

• പാര്‍സല്‍ സര്‍വീസ് രാത്രി ഒമ്പത് മണിവരെയും ഹോം ഡെലിവറി രാത്രി 10 മണിവരെയും നടത്താവുന്നതാണ്.

• നിയമാനുസൃത ലൈസന്‍സുകളോ രേഖകളോ ഇല്ലാത്ത തട്ടുകടകള്‍ തുറക്കാനോ ഭക്ഷണം പാര്‍സലായി നല്‍കാനോ പാടില്ല.

• നിയമാനുസൃത തട്ടുകടകളില്‍ പാര്‍സല്‍ സര്‍വ്വീസ് നടത്താം. ഇതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി സാക്ഷ്യപത്രം അനുവദിക്കണം.

• നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം നിയമ നടപടികള്‍ സ്വീകരിക്കും.

രോഗവ്യാപനം തടയാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുടരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ സ്വയ രക്ഷയ്ക്കും നാടിന്റെ രക്ഷയ്ക്കുമായി ഓരോരുത്തരും കര്‍ശനമായി പാലിക്കണം. ഇക്കാര്യത്തില്‍ അലംഭാവം പാടില്ലെന്നും ചെറിയ പിഴവുകള്‍ പോലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചറിയിച്ചു. ജില്ലയില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തുടരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ദേശീയപാത വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.വി. നന്ദകുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഇസ്മയില്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ഗോകുല്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.