സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലയാകാനൊരുങ്ങി തിരുവനന്തപുരം

post

തിരുവനന്തപുരം:  സംസ്ഥാനത്ത് സമ്പൂര്‍ണ പച്ചത്തുരുത്ത് സ്ഥാപിച്ച ആദ്യ ജില്ലയാവാനൊരുങ്ങി തിരുവനന്തപുരം. പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമാക്കി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുമായും തൊഴിലുറപ്പ് പദ്ധതികളുമായും സഹകരിച്ചാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്. 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി 153 പച്ചത്തുരുത്തുകള്‍ നിലവില്‍ നിര്‍മിച്ചിട്ടുണ്ട്. ജില്ലയിലാകെ 226 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.  ജൂണ്‍ 30നകം 73 പച്ചത്തുരുത്തുകള്‍ കൂടി സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ പച്ചത്തുരുത്ത് സ്ഥാപിച്ച ജില്ലയായി തിരുവനന്തപുരം മാറും. 18 വാര്‍ഡുകളിലായി 19 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച കരവാരം ഗ്രാമപഞ്ചായത്താണ് ജില്ലയിലെ ആദ്യ സമ്പൂര്‍ണ പച്ചത്തുരുത്ത് പഞ്ചായത്ത്. 

സംസ്ഥാനത്ത് ആദ്യമായി പോലീസ് സ്റ്റേഷനോട് ചേര്‍ന്ന്  പച്ചത്തുരുത്ത് ഒരുക്കിയത് പാങ്ങോട് പോലീസ് സ്റ്റേഷനിലാണ്.'രണാങ്കണം' എന്നാണ് ഈ പച്ചത്തുരുത്തിന്  നാമകരണം ചെയ്തിരിക്കുന്നത്.പോലീസ് സ്റ്റേഷനോടും പഴയ പാങ്ങോട് പോലീസ് ഔട്ട് പോസ്റ്റിനോടും ചേര്‍ന്നുള്ള 30 സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് സ്ഥാപിച്ചത്. ജില്ലയില്‍ ഇതുവരെ 27.85 ഏക്കറില്‍ വൃക്ഷത്തൈകള്‍, വള്ളിച്ചെടികള്‍, കുറ്റിച്ചെടികള്‍ ഉള്‍പ്പെടെ 9617 തൈകള്‍ 124 പച്ചത്തുരുത്തുകളിലായി നട്ടു. ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി 29 പച്ചത്തുരുത്തുകള്‍ കൂടി സ്ഥാപിച്ചു. 3.25 ഏക്കറില്‍ വിവിധ ഇനത്തില്‍പ്പെട്ട 1171 തൈകള്‍ നട്ടു.73 പച്ചത്തുരുത്തുകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഹരിതകേരളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുന്നതിലും പച്ചത്തുരുത്തുകള്‍ സഹായകമാകുന്നുണ്ട്.