സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം: ജില്ലാ കളക്ടര്‍

post

പത്തനംതിട്ട: ജില്ലയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഓഫീസുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ ജൂണ്‍ ഇന്നു മുതല്‍ തുറക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി. ബി. നൂഹ് അറിയിച്ചു. 

ഷോപ്പിംഗ് മാളുകളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ 

ഷോപ്പിങ് മാളുകളില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് സംവിധാനം ഉണ്ടാകണം. മാളുകളില്‍ എത്തുന്നവരുടെ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കണം. ജീവനക്കാര്‍ ഉള്‍പ്പെടെ മാളില്‍ പ്രവേശിക്കുന്ന എല്ലാവരും നിര്‍ബന്ധമായും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. മാളുകളില്‍ കോവിഡ് 19 പ്രതിരോധത്തെ പറ്റിയുള്ള പോസ്റ്ററുകള്‍, വീഡിയോകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കണം. പാര്‍ക്കിംഗ് പ്രദേശങ്ങളിലും കൃതിമായി സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. 

പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേക വഴികള്‍ ഉണ്ടാകണം. എസ്‌കലേറ്ററുകളില്‍ ഒന്നിടവിട്ടുള്ള പടികളില്‍ മാത്രം നില്‍ക്കുക. എസി പരമാവധി 24-30 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുക. ആളുകള്‍ അധികമായി സ്പര്‍ശിക്കുന്നവയില്‍ നിരന്തരം അണുനശീകരണം നടത്തണം. ലിഫ്റ്റുകളില്‍ സാമൂഹിക അകലം പാലിക്കണം. മാസ്‌കുകള്‍, ഗ്ലൗസുകള്‍ തുടങ്ങിയവ നിക്ഷേപിക്കാന്‍ പ്രത്യേക സംവിധാനം ഉറപ്പുവരുത്തണം. മാളുകളിലെ സിനിമാ ഹാളുകളും, കുട്ടികളുടെ കളിസ്ഥലങ്ങളും, ഗെയ്മിംഗ് സ്ഥലങ്ങളും തുറക്കാന്‍ പാടില്ല. ഫുഡ് കോര്‍ട്ടുകളില്‍ 50 ശതമാനം സീറ്റുകളില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടില്ല. സീറ്റുകള്‍ നിരന്തരം ശുചീകരിക്കണം. പരമാവധി ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുക. ഫുഡ് കോര്‍ട്ടുകളിലെ അടുക്കളകളില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഏതെങ്കിലും കാരണത്താല്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തി എത്തുകയാണെങ്കില്‍ ഉടന്‍ തന്നെ വ്യക്തിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് മാറ്റുകയും ആരോഗ്യവകുപ്പ് ഉദ്യേഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്യുക. 

ഹോട്ടല്‍/ റസ്റ്ററന്റുകള്‍

റസ്റ്ററന്റുകള്‍ പരമാവധി ഹോം ഡലിവറികള്‍, പാഴ്‌സലുകള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക. 50 ശതമാനം സീറ്റുകളില്‍ മാത്രം ആളുകളെ പ്രവേശിപ്പിക്കുക. ഹോട്ടലുകളില്‍ കൈകള്‍ തുടയ്ക്കാന്‍ തുണികള്‍ക്ക് പകരം ടിഷ്യു പേപ്പര്‍ ഏര്‍പ്പെടുത്തുക. ബുഫെ സര്‍വീസുകളില്‍ സാമൂഹിക അകലം ഉറപ്പുവരുത്തുക. ഉപയോഗശേഷം നശിപ്പിക്കാന്‍ സാധിക്കുന്ന മെനു കാര്‍ഡുകള്‍ ഉപയോഗിക്കുക. സീറ്റുകള്‍ നിരന്തരം ശുചീകരിക്കണം. പരമാവധി ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുക. പാത്രങ്ങള്‍ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകണം. ഉപയോഗശേഷം നശിപ്പിക്കാന്‍ സാധിക്കുന്ന പ്രകൃതി സൗഹൃദ പ്ലേറ്റുകളുടെയും കപ്പുകളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുക.  ഹോട്ടലുകളില്‍ എത്തുന്ന അതിഥികളുടെ യാത്രാ വിവരങ്ങളും, ആരോഗ്യസ്ഥിതിയും രേഖപ്പെടുത്തണം. അതിഥികളുടെ ബാഗുകളും സാധനങ്ങളും അണുവിമുക്തമാക്കണം. ഭക്ഷണസാധനങ്ങള്‍ നേരിട്ട് താമസക്കാരുടെ കൈകളില്‍ നല്‍കാതെ മുറിയുടെ വാതിലിന് പുറത്ത് വയ്ക്കുക. ലിഫ്റ്റുകളില്‍ സാമൂഹിക അകലം പാലിക്കണം. 

ഓഫീസുകള്‍

പ്രായമായവര്‍, ഗര്‍ഭിണികള്‍, കണ്ടെയ്‌മെന്റ് സോണിലുള്ളവര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുമതി നല്‍കിയിട്ടുണ്ട്. ഓഫീസുകളില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കുക. യോഗങ്ങള്‍ പരമാവധി വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കുക. കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ ജീവനക്കാരുടെ ഭക്ഷണ സമയം ക്രമീകരിക്കുക. ശുചിമുറികള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുക. യാത്രയ്ക്ക് ശേഷം വാഹനത്തിന്റെ ഉള്‍ഭാഗം, സ്റ്റിയറിംഗ്, ഡോര്‍ ഹാന്‍ഡില്‍, താക്കോലുകള്‍ എന്നിവ അണുമുക്തമാക്കുക. കാന്റീന്‍ ജീവനക്കാര്‍ മാസ്‌കും കൈയുറകളും ധരിക്കുക. സീറ്റുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കുക. ലിഫ്റ്റുകളില്‍ സാമൂഹിക അകലം പാലിക്കണം. 

ആരാധനാലയങ്ങള്‍

100 ചതുരശ്ര മീറ്ററില്‍ പരമാവധി 15 പേര്‍ എന്ന രീതിയില്‍ ക്രമീകരിക്കുക. ഒരേ സമയം പരമാവധി 100 പേരില്‍ കൂടാന്‍ പാടില്ല. 65 വയസിനു മുകളിലുള്ളവര്‍, 10 വയസിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ വീടുകളില്‍ തന്നെ തുടരാന്‍ മതസ്ഥാപനങ്ങള്‍ അറിയിപ്പ് നല്‍കണം. ശാരീരക സ്പര്‍ശം വരുന്ന രീതിയില്‍ അന്നദാനം, പ്രസാദം, ചന്ദനം, ഭസ്മം എന്നിവയുടെ വിതരണം തല്‍ക്കാലം ഒഴിവാക്കുക. മാമോദീസ നടത്തുന്നുവെങ്കില്‍ കര സ്പര്‍ശം ഒഴിവാക്കുക. ശരീരം ശുദ്ധിയാക്കാന്‍ പൊതു ടാങ്കുകള്‍, കുളങ്ങള്‍ എന്നിവയ്ക്ക് പകരം ടാപ്പുകള്‍ വഴി വെള്ളം ഉപയോഗിക്കുക. ആരാധനാലയങ്ങളില്‍ വരുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കണം. വിഗ്രഹങ്ങളോ വിശുദ്ധ ഗ്രന്ഥങ്ങളോ സ്പര്‍ശിക്കാന്‍ പാടില്ല. ഭക്തിഗാനങ്ങള്‍, കീര്‍ത്തനങ്ങള്‍ എന്നിവ കൂട്ടം കൂടി പാടുന്നത് ഒഴിവാക്കി റെക്കോര്‍ഡുകള്‍ വഴി കേള്‍പ്പിക്കുക. പൊതു പായകളിലുള്ള പ്രാര്‍ഥനങ്ങള്‍ പാടില്ല. പകരം സ്വന്തമായി പായകളോ തുണികളോ കൊണ്ടു വരണം. അന്നദാനം തുടങ്ങിയവയ്ക്ക് സാമൂഹിക അകലം പാലിക്കുക. മാസ്‌കുകള്‍ ധരിക്കുകയും ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കുകയും ചെയ്യുക. ചെരുപ്പുകള്‍ ആരാധനാലയങ്ങള്‍ക്ക് അകത്ത് കയറ്റാന്‍ പാടില്ല. വരി നില്‍ക്കാന്‍ സ്ഥലങ്ങള്‍ രേഖപ്പെടുത്തണം. 2020 ജൂണ്‍ 30 വരെ ആളുകള്‍ കൂടുവാന്‍ കാരണമാകുന്ന ഉത്സവങ്ങള്‍, മതപരമായ പരിപാടികള്‍ തുടങ്ങിയവ നടത്താന്‍ പാടുള്ളതല്ല. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി മാത്രമാകും ദര്‍ശനം അനുവദിക്കുക. അമ്പലത്തിനുള്ളില്‍ ഒരു സമയം 50 പേര്‍ ദര്‍ശനം നടത്തുന്ന രീതിയില്‍ 100 പേര്‍ക്കാണ് അമ്പലത്തില്‍ പ്രവേശിക്കാനാകുന്നത്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് തെര്‍മല്‍ സ്‌കാനിങ് ഉറപ്പുവരുത്തും.