രോഗപ്രതിരോധത്തിന് മഴക്കിലുക്കം ക്യാമ്പെയിൻ

post

തൃശൂർ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'മഴക്കിലുക്കം 2020' ക്യാമ്പെയിൻ സംഘടിപ്പിക്കുന്നു. കൊതുക് ജന്യ രോഗ നിയന്ത്രണങ്ങളുടെ ഭാഗമായാണിത്. രണ്ടു ദിവസം പഞ്ചായത്ത് പ്രദേശത്തെ മുഴുവൻ വീടുകളിലും ഗൃഹസന്ദർശനവും ബോധവത്കരണവും സംഘടിപ്പിക്കും. ഇതോടൊപ്പം പ്രദേശത്ത് കൊതുക് ഉറവിട നശീകരണവും തുടർ ദിവസങ്ങളിൽ മറ്റ് കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളും നടത്തും. പകർച്ചവ്യാധി നിയന്ത്രിക്കുന്നതിന് കവലകളും കോളനികളും പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക ശുചീകരണവും നടത്തും. ഓടകൾ വൃത്തിയാക്കലും പൊതു ജലസ്രോതസ്സുകൾ ശുചീകരിക്കലും ഉണ്ടാകും.

ക്യാമ്പെയിന്റെ പഞ്ചായത്തുതല ഉദ്ഘാടനം എട്ടാം വാർഡ് പൊക്കുളങ്ങര പ്രദേശത്ത് പഞ്ചായത്ത് പ്രസിഡന്റ് പി. എൻ. ജ്യോതിലാൽ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിരാ സുധീർ, വാർഡംഗം വനജ വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.

വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശുചീകരണവും നടത്തും. ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ അംഗൻവാടി, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പെയിൻ.