പുതുജീവനം പദ്ധതിയ്ക്ക് തുടക്കമായി

post

വയനാട് : ആദിവാസി മേഖലയെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതുജീവനം പദ്ധതിയ്ക്ക് തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച പദ്ധതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, വിമുക്തി, എക്സൈസ്, ജനമൈത്രി പോലീസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതി വെങ്ങപ്പള്ളി ചേമ്പ്രോട്ട് കോളനിയില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ആദ്യഘട്ടത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും പത്ത് കോളനികളില്‍ വീതമാണ് പദ്ധതി നടപ്പാക്കുന്നത്. ആനിമേറ്റര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് മദ്യപാനികള്‍ക്കിടയില്‍ സര്‍വ്വേ നടത്തുകയും അതിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികള്‍ നടപ്പാക്കും. നാടകം, ക്ലാസ്സുകള്‍, കൗണ്‍സലിംങ് എന്നീ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ക്കായി ഒരുക്കുക. പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചെയര്‍മാന്‍ ആയ കമ്മിറ്റികളാണ് പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വാര്‍ഡ് തലത്തില്‍ മെമ്പര്‍ ചെയര്‍മാനായ കമ്മിറ്റിയും പ്രവര്‍ത്തിക്കും.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ കെ.സി. ചെറിയാന്‍, കുടുംബശ്രീ മിഷന്‍ എ.ഡി.എം.സി കെ.എ. ഹാരിസ്, ജനമൈത്രി പോലീസ് ഇന്‍സ്പെക്ടര്‍ വി. വിജയന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എ. ഷാജഹാന്‍, കുടുംബശ്രീ ഡി.പി.എം വി. ജയേഷ്, പച്ചപ്പ് കോര്‍ഡിനേറ്റര്‍ കെ.എം. സുമേഷ് എന്നിവര്‍ പങ്കെടുത്തു.