പാണത്തൂര്‍പി എച്ച് സി ഇനി കുടുംബാരോഗ്യ കേന്ദ്രം

post

പ്രഖ്യാപനവും കെട്ടിടോദ്ഘാടനവും നാളെ

കാസര്‍കോട് : പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുവേണ്ടി എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ പ്പെടുത്തി നിര്‍മ്മിച്ച കെട്ടിട ഉദ്ഘാടനവും  ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി കൂടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ പ്രഖ്യാപനവും വീഡിയോ കോണ്‍ഫറന്‍സ് വഴി നാളെ 12 ന് (ജൂണ്‍ എട്ട്) ആരോഗ്യ മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. 

മലയോര മേഖലയില്‍ കര്‍ണ്ണാടകയോട് ചേര്‍ന്നുള്ള പ്രദേശത്ത് മികച്ച ചികിത്സ നല്‍കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കാനായി എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ 3.25 കോടിക്ക് പുറമെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപയും പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. പനത്തടി ഗ്രാമപഞ്ചായത്തിന്റെ  സഹകരണത്തോടെയാണ് ഫാര്‍മസിക്കും ഫിസിയോ തെറാപ്പി യൂണിറ്റിനും പ്രത്യേകം സൗകര്യം ഒരുക്കിയത്. വൈകിട്ട് ആറുവരെയുള്ള ഒ.പി, മികച്ച ലബോട്ടറി സംവിധാനം, ഫിസിയോ തെറാപ്പി യൂണിറ്റ് എന്നീ സൗകര്യങ്ങള്‍ പുതിയ ആശുപത്രിയില്‍ ഉണ്ടാകും. കര്‍ണ്ണാടകയിലെ കരിക്കൈ പഞ്ചായത്തില്‍ നിന്നടക്കം വര്‍ഷത്തില്‍ 60000 ലധികം രോഗികളാണ് ഇവിടെ ചികിത്സക്കെത്തുന്നത്.