തിരികെയെത്തുന്നവരുടെ എണ്ണം കൂടുന്നു; ക്വാറന്റൈന്‍ ശക്തിപ്പെടുത്താന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം: മന്ത്രി ഇ പി ജയരാജന്‍

post

സാമ്പിള്‍ പരിശോധനയുടെ വേഗത കൂട്ടണം

കണ്ണൂര്‍ : വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരുടെ പരിശോധനയും ക്വാറന്റൈനും ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കലക്ടറേറ്റില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആളുകള്‍ കൂടുന്നതിനനുസരിച്ച് നിരീക്ഷണം ശക്തിപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാവും. ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ട വാര്‍ഡ് തല നിരീക്ഷണ സമിതി ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും പോലിസും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

വിദേശനാടുകളില്‍ നിന്നെത്തുന്നവരുടെ വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമുണ്ടെങ്കില്‍ അത് പരമാവധി ഉപയോഗപ്പെടുത്തണം. അതേസമയം, വീട്ടിലെ മറ്റുള്ളവരുമായി അവര്‍ സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം തിരികെയെത്തുന്നവര്‍ക്കും വീട്ടുകാര്‍ക്കും നല്‍കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ പാര്‍പ്പിക്കുന്നതിന് കൂടുതല്‍ കൊറോണ കെയര്‍ സെന്ററുകള്‍ കണ്ടെത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

തിരികെയെത്തുന്ന ആളുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കൂടുതല്‍ വളണ്ടിയര്‍മാരെ നിയോഗിക്കണം. തദ്ദേശ സ്ഥാപനതലത്തില്‍ വളണ്ടിയര്‍ നെറ്റ് വര്‍ക്കിന് രൂപം നല്‍കണം. ഇവര്‍ക്ക് ആവശ്യമായ പരിശീലനവും സുരക്ഷാ സംവിധാനങ്ങളും നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

കോവിഡ് സാമ്പിള്‍ പരിശോധനയുടെ എണ്ണവും വേഗതയും വര്‍ധിപ്പിച്ചാല്‍ മാത്രമേ കൊറോണ വ്യാപനത്തിന്റെ ശരിയായ തോത് കണ്ടെത്താന്‍ സാധിക്കുകയുള്ളൂ എന്ന് മന്ത്രി പറഞ്ഞു. ഇതിന് ആവശ്യമായ പരിശോധനാ സംവിധാനമൊരുക്കണം. ജില്ലയില്‍ നിലവിലുള്ള പരിശോധനാ ഉപകരണങ്ങള്‍ പൂര്‍ണതോതില്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കൂടുതല്‍ പരിശോധനാ ഉപകരണങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു. തീവണ്ടികള്‍ വഴിയും അതിര്‍ത്തികളിലൂടെയും എത്തുന്നവരുടെ ആരോഗ്യ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമബാല കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്സി, ഡിഎംഒ ഡോ. കെ നാരായണ നായിക് തുടങ്ങിയവര്‍ സംബന്ധിച്ചു.