വനവല്‍കരണവും ഭക്ഷ്യസുരക്ഷയും സാമൂഹ്യബോധമായി വളരണം: മന്ത്രി ടി.പി.രാമകൃഷ്ണന്‍

post

കോഴിക്കോട്: വനവല്‍കരണവും ഭക്ഷ്യസുരക്ഷയും സാമൂഹ്യബോധമായി വികസിച്ച് വളര്‍ന്നു വരണമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍.  ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ സംയുക്തമായി സംസ്ഥാനത്ത് ഒരു കോടി ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല നടീല്‍ ഉദ്ഘാടനവും ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയില്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും കലക്ടറേറ്റ് വളപ്പില്‍ നിര്‍വ്വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ലോകത്തിന്റെ ഇന്നത്തെ സ്ഥിതി മനുഷ്യസമൂഹത്തെ ഉത്കണ്ഠപ്പെടുത്തുന്നതാണ്.  ആഗോളതാപനവും പരിസ്ഥിതി അസന്തുലിതാവസ്ഥയും സമൂഹത്തെ വലിയ തോതില്‍ ബാധിച്ചുവരുന്നു.  ഈ സാഹചര്യത്തില്‍ വനവല്‍കരണം പ്രാധാന്യമര്‍ഹിക്കുന്നു.  വനവല്‍കരണവും ഭക്ഷ്യസുരക്ഷയും സാമൂഹ്യബോധമായി വളരണം.  ഇതു മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 27 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒരു കോടിയില്‍പരം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ തീരുമാനിച്ചത്.  കൃഷി വ്യാപകമാക്കാന്‍ നാനാതരം പദ്ധതികള്‍ ആവിഷ്‌കരിച്ചുകഴിഞ്ഞു.  ഓരോ വീട്ടിലും പുതുതായി ഒരു വൃക്ഷത്തൈ എന്നതാണ് ലക്ഷ്യമിടുന്നത്.  റോഡരികിലും പൊതുയിടങ്ങളിലും വൃക്ഷത്തൈകള്‍ നടും.  ഭാവി തലമുറയുടെ ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി ഫലവൃക്ഷത്തൈകളാണ് മുഖ്യമായും നടുക. ഭാവിയില്‍ ജനങ്ങള്‍ പട്ടിണി കിടക്കാതിരിക്കാനാണ് ഭക്ഷ്യ സ്വയംപര്യാപ്തതക്ക് ഊന്നല്‍ നല്‍കുന്നത്.  തരിശുഭൂമിയിലടക്കം എല്ലാ ഭൂമിയിലും കൃഷി ആരംഭിക്കും.  സര്‍ക്കാരും വിവിധ വകുപ്പുകളും ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് ഇത് നടപ്പാക്കുക.  കിഴങ്ങുവര്‍ഗ്ഗങ്ങളടക്കമുള്ള നാനാതരം പച്ചക്കറികള്‍ തരിശുഭൂമിയില്‍ കൃഷി ചെയ്യും.  തരിശുഭൂമിയില്‍ കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 40,000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്.  നാടാകെ ഈ ദൗത്യം ഏറ്റെടുത്തതായും കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്ന എല്ലാവര്‍ക്കും അഭിവാദ്യമര്‍പ്പിക്കുന്നതായും മന്ത്രി അറിയിച്ചു.

കോവിഡ് കാലത്ത് തൊഴില്‍ രംഗവും വ്യവസായ മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ്.  വ്യവസായ സംരംഭങ്ങളും തൊഴിലും വീണ്ടെടുക്കുന്നതില്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.