സുഭിക്ഷ കേരളം പദ്ധതി: ചിന്നപ്പാറകുടിയില്‍ കരനെല്ലും റാഗിയും വിളയും

post

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ സുഭിക്ഷ കേരളം പദ്ധതി ആവിഷ്‌കരിച്ചതോടെ കോവിഡ് കാലത്ത്  കൂടുതല്‍ കൃഷിയിടങ്ങള്‍ സജീവമാകുകയാണ്. സുഭിക്ഷ കേരളം പദ്ധതി ജില്ലയില്‍ ആവിഷ്‌കരിച്ചപ്പോള്‍ അടിമാലി പഞ്ചായത്തിലെ ചിന്നപ്പാറകുടിയില്‍ വിളയുന്നത് കരനെല്ലും റാഗിയും. ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, ഹരിത കേരള മിഷന്‍, യുഎന്‍ഡിപി, കാര്‍ഷിക കര്‍മമസേന എന്നിവയുടെ  സഹകരണത്തോടെ അഞ്ചോളം കര്‍ഷകരാണ് ചിന്നപ്പാറകുടിയില്‍ കരനെല്ലും റാഗിയും കൃഷിയിറക്കുന്നത്.  വരുംനാളുകളില്‍ ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷയുറപ്പാക്കേണ്ടതിന്റെ ആവശ്യകതയേറെയുള്ളതിനാല്‍ പരമാവധി കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ കൃഷിയിറക്കുന്ന സമയമാണിത്. സുഭിക്ഷ കേരളം പദ്ധതിയില്‍ വിവിധ വകുപ്പുകളുടെ സഹകരണംകൂടി ലഭിക്കുന്നതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ കൃഷിയിലേക്ക് തിരിയുന്നു. ഇത്തരത്തില്‍ ചിന്നപ്പാറകുടിയിലും കര്‍ഷകര്‍ക്ക് മികച്ച പിന്തുണയാണ് വിവിധ വകുപ്പുകള്‍ നല്‍കുന്നത്.കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ ചിന്നപ്പാറയില്‍ കൃഷിയിറക്കുന്നതിനുള്ള നിലമൊരുക്കല്‍ ആരംഭിച്ചു. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് കൃഷിയ്ക്കാനുയോജ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായി വരുന്നത്.   ആദ്യഘട്ടത്തില്‍ രണ്ടേക്കറോളം ഭൂമിയില്‍  കൃഷിയിറക്കും. കരനെല്ലിനൊപ്പം റാഗിയും കൃഷി ചെയ്യും. കൃഷിയിറക്കുന്നതിനും വിവിധ ഘട്ടത്തില്‍ കര്‍ഷകര്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നതിനും കൃഷിഭവന്‍, ഹരിത കേരളമിഷന്‍ ,യു, എന്‍ , ഡിപി, എന്നിവയുടെ സഹകരണം ഉണ്ടാകും. കൃഷി ഓഫീസര്‍ ഷാജി കെ, യു.എന്‍.ഡി.പി ഭാരവാഹിയായ കാര്‍ത്തിക, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രീജീവ്, സെക്രട്ടറി കെ.എന്‍ സഹജന്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിവരുമാണ് കൃഷിയ്ക്ക് നേതൃത്വം നല്‍കുന്നത്. വൈകാതെ നിലമൊരുക്കല്‍ പൂര്‍ത്തിയാകുമെന്നും വരും ദിവസങ്ങളില്‍തന്നെ വിത്ത് വിതക്കുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ചിന്നപ്പാറയില്‍ മുമ്പ് കൃഷിഭവന്റെയും അടിമാലി ജനമൈത്രി പോലീസിന്റെയും നേതൃത്വത്തില്‍ റാഗി കൃഷിയും നടത്തിയിരുന്നു.