പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ രോഗീസൗഹൃദ ആശുപത്രികളാക്കും

post

കണ്ണൂര്‍: കേരളത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും രോഗീസൗഹൃദ ആശുപത്രികളാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. പയ്യന്നൂര്‍ താലൂക്കാശുപത്രിക്കായി 56.31 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

അടിസ്ഥാനപരമായ മാറ്റത്തിന്റെ പാതയിലാണ് കേരളത്തിന്റെ ആരോഗ്യരംഗം. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കേരളം ആരോഗ്യ മേഖലയിലെ എല്ലാ സൂചകങ്ങളിലും ഒന്നാമതാണ്.  സ്വപ്ന സദൃശ്യമായ ഉയരങ്ങളിലേക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ എത്തിക്കഴിഞ്ഞു. 55 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് അംഗീകാരം ലഭിച്ചു. സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രികളായി സര്‍ക്കാര്‍ ആശുപത്രികളെ മാറ്റാന്‍ ആര്‍ദ്രം പദ്ധതിയിലൂടെ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ച 104 കോടി രൂപയുടെ മാസ്റ്റര്‍പ്ലാനില്‍ സിവില്‍ വര്‍ക്കിനായുള്ള 56.31 കോടി രൂപയുടെ അംഗീകാരമാണ് കിഫ്ബി നല്‍കിയിട്ടുള്ളത്. ഹൈറ്റ്‌സ് ആണ് നിര്‍വ്വഹണ ഏജന്‍സി. പുതിയ ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണം, നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം, നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് പുതിയ നിലകള്‍ നിര്‍മ്മിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കിഫ്ബി അംഗീകരിച്ച പദ്ധതി. 79452 ചതുരശ്ര അടി വലിപ്പമുള്ള 7 നിലകളുള്ള പുതിയ ആശുപത്രി ബ്ലോക്ക്, പ്രത്യേക ക്യാന്റീന്‍ കെട്ടിടം, ഒപി ബ്ലോക്കിനും റേഡിയോളജി ബ്ലോക്കിനും പുതിയതായി 10545 ചതുരശ്ര അടി വലിപ്പത്തില്‍ ഒരു നില എന്നിവ നിര്‍മ്മിക്കും. ഒ പി, റേഡിയോളാജി, ലേബര്‍ എന്നീ ബ്ലോക്കുകള്‍ നവീകരിക്കും. നിര്‍മ്മാണ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രധാന ബ്ലോക്കില്‍ കാഷ്വാലിറ്റി, റേഡിയോളജി, ജനറല്‍ വാര്‍ഡുകളും, ഐസിയു, സര്‍ജിക്കല്‍ വാര്‍ഡുകളും, 6 ഓപ്പറേഷന്‍ തീയേറ്ററുകളും ലാബുകളും ആണ് ഉണ്ടാകുക. നിലവിലുള്ള റേഡിയോളജി ബ്ലോക്ക് നവീകരണ പ്രവൃത്തികള്‍ക്ക് ശേഷം ഡെന്റല്‍ ബ്ലോക്കായി മാറും. നിലവിലുള്ള ഒ പി ബ്ലോക്കില്‍ നവീകരണ പ്രവൃത്തികള്‍ക്ക് ശേഷം ഒപി, ഫാര്‍മസി, കാത്തിരുപ്പ്  കേന്ദ്രം, ലേബര്‍ വാര്‍ഡുകള്‍, എന്‍ഐസിയു എന്നീ സൗകര്യങ്ങള്‍ ഒരുക്കും.  

കിഫ്ബി പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ നിലവിലെ 150 കിടക്കകളില്‍ നിന്ന് ജനറല്‍ വാര്‍ഡുകളും, ഐ സി യു, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍ ഉള്‍പ്പെടെ മൊത്തമായി 268 കിടക്കകള്‍ ഉണ്ടാകും. ഏഴു നിലകളിലായി നടക്കുന്ന നിര്‍മ്മാണ പ്രവൃത്തിയില്‍ താഴെ നിലയില്‍ കാഷ്വാലിറ്റി, ഒപി, ഒബ്‌സര്‍വേഷന്‍ വാര്‍ഡുകള്‍, സിടി സ്‌കാന്‍, എക്‌സ്‌റേ യൂനിറ്റുകള്‍ എന്നിവയാണ് പ്രവര്‍ത്തിക്കുക. ഒന്നാം നിലയില്‍ പീഡിയാട്രിക്ക് വാര്‍ഡും, പിഐസിയുവും പീഡിയാട്രിക്ക് ഒപി യും ഉണ്ടാകും. രണ്ടാം നിലയില്‍ സ്ത്രീകളുടെ വാര്‍ഡും, എംഐസിയുവും ആണ് ഉണ്ടാകുക. മൂന്നാം നിലയില്‍ ഗൈനക്ക് ഒപി, ലേബര്‍ റൂം,പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് എന്നിവ പ്രവര്‍ത്തിക്കും. നാലാം നിലയില്‍ പുരുഷ വാര്‍ഡും റീഹാബിലിറ്റേഷന്‍ സെന്ററും സെമിനാര്‍ ഹാളുമാണ് ഉണ്ടാവുക. അഞ്ചാം നിലയില്‍ പുരുഷന്മാരുടെ സര്‍ജിക്കല്‍ വാര്‍ഡ്, സര്‍ജിക്കല്‍ ഐസിയു, സ്ത്രീകളുടെ സര്‍ജിക്കല്‍ വാര്‍ഡ് എന്നിവയും ഉണ്ടാകും. ആറാം നിലയില്‍ ഓപ്പറേഷന്‍ തീയേറ്ററും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡും ഏഴാം നിലയില്‍ എല്ലാവിധ ലാബുകളുമാണ് സജ്ജീകരിക്കുക.