ഓഖി കടലെടുത്ത സ്വപ്നങ്ങള്‍ക്ക് പുനര്‍ജനി

post

പൂര്‍ത്തിയാക്കിയത് 18 വീടുകള്‍

തൃശൂര്‍: ആര്‍ത്തലയ്ക്കുന്ന കടലും തീരവും ജീവിതത്തിന്റെ ഭാഗമായവരുടെ സ്വപ്നം അടച്ചുറപ്പുള്ള ഒരു കൂരയായിരുന്നു. ഓഖി ദുരന്തത്തില്‍ സ്ഥലവും വീടും നഷ്ടപ്പെട്ടവരുടെ ഈ സ്വപ്നത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ മിഴിവേകിയത്. വീട് നഷ്ടപ്പെട്ട 18 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ പദ്ധതിയിലൂടെ വീട് പുനര്‍നിര്‍മിക്കാന്‍ വഴി തെളിഞ്ഞത്. ജില്ലയില്‍ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലായി പദ്ധതിയില്‍ ഉള്‍പ്പെട്ട 16 വീടുകളുടെയും പണി പൂര്‍ത്തീകരിച്ചു. മൂന്ന് സെന്റില്‍ രണ്ട് കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും രണ്ട് ശുചിമുറികളും പൂമുഖവും ചേര്‍ന്ന 650 ചതുരശ്ര അടിയുള്ള വീടാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയത്. പത്ത് ലക്ഷം രൂപയാണ് പദ്ധതിത്തുക. കടലിനോട് ചേര്‍ന്ന് കിടന്നിരുന്ന ഇവരില്‍ പലരുടെയും വീടുകള്‍ക്ക് ആദ്യമേ തന്നെ കെട്ടുറപ്പ് കുറവായിരുന്നു. ഓഖിയില്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 'സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം ഇല്ലായിരുന്നെങ്കില്‍ ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കില്ലായിരുന്നുവെന്ന്' ജൂണ്‍ അഞ്ചിന് പുതിയ വീട്ടിലേക്ക് താമസം മാറുന്ന കാരേക്കാട്ട് അബ്ദു റഹ്മാന്‍-ഫാത്തിമ ദമ്പതികള്‍ പറയുന്നു.

സംസ്ഥാനത്തെ 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരത്തുനിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന 'പുനര്‍ഗേഹം' പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ഓഖിയില്‍ വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കുന്ന ജില്ലയും തൃശൂരാണ്. ജില്ലയില്‍ തീരദേശ പ്രശ്‌നങ്ങള്‍ രൂക്ഷമായ കയ്പമംഗലത്ത് തന്നെ പദ്ധതി നടപ്പാക്കണമെന്ന ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ ആവശ്യമാണ് ഇതുവഴി അംഗീകരിക്കപ്പെട്ടത്. മണ്ഡലത്തിലെ 408 കുടുംബങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ തന്നെ വീട് ലഭിക്കും. വേലിയേറ്റമേഖലയില്‍ 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2,450 കോടിയുടെ പദ്ധതി മൂന്നുഘട്ടമായി 2022 ഓടെ പൂര്‍ത്തിയാക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും 1,052 കോടി ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍നിന്നും കണ്ടെത്തും.