സൈനികരുടെ കുടുംബത്തെ സമൂഹം ചേര്‍ത്തുപിടിക്കണം

post

പാലക്കാട്: രാജ്യത്തിന്റെ സുരക്ഷയ്ക്കും സേവനത്തിനുമായി ത്യാഗം സഹിക്കുന്ന സൈനികരുടെ മാതാപിതാക്കളെയും കുടുബത്തേയും ചേര്‍ത്തുപിടിക്കുക എന്നത് സമൂഹത്തിന് അവരോട് ചെയ്യാനാകുന്ന നന്മയാണെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പറഞ്ഞു. സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സായുധ സേനാ പതാക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പരമാധികാര രാഷ്ട്രത്തില്‍ സേന എന്നത് ഒഴിച്ചുകൂടാനാവത്തതാണെന്നും സൈനികരെപ്പോലെ നിരവധി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുന്നവരാണ് അവരുടെ കുടുംബമെന്നും അവര്‍ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഒ.ഐ.സി.ഇ.സി.എച്ച്.എസ്. റിട്ട. കേണല്‍ സതീഷ്, ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡന്റ് എന്നിവര്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ആശ്രിതരുടേയും അംഗവൈകല്യം സംഭവിച്ച ജവാന്മാരുടേയും അവരുടെ ആശ്രിതരുടേയും ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന പതാകനിധി സമാഹരണം നടന്നു.

ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എം. വി. ശങ്കരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ. ഉണ്ണികൃഷ്ണന്‍, അസി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്‍, സൈനിക ക്ഷേമ സംഘടനാ പ്രതിനിധികള്‍, സൈനിക ക്ഷേമ വകുപ്പ് ജീവനക്കാര്‍, സൈനികരുടെ കുടുംബാംഗങ്ങള്‍, എന്‍ സി സി കേഡറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.