കേരളത്തിന്റെ ശാസ്ത്രീയ ഇടപെടലാണ് ലോക ശ്രദ്ധയാകര്‍ഷിച്ചത് : ആരോഗ്യ മന്ത്രി കെ കെ ഷൈലജ

post

തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തിന്റെ ശാസ്ത്രീയമായ ഇടപെടലാണ് ലോക ശ്രദ്ധയാകര്‍ഷിച്ചതെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. കുന്നംകുളം പോര്‍ക്കളേങ്ങാട് നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം ഇനിയും കൂടുമെന്നതില്‍ സംശയമില്ല. എന്നാല്‍ അതിനെ അതീവ ജാഗ്രതയില്‍ തന്നെ ഇടപെട്ട് നിയന്ത്രിക്കും. ഗതാഗതം പുന: സ്ഥാപിച്ചപ്പോള്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ ജനങ്ങളെ രക്ഷിക്കാനുള്ള ബാധ്യതയാണ് ആരോഗ്യ രംഗത്ത് നാം ആരായുന്നത്. കൂട്ടായ്മയോടെയാണ് കോവിഡ് പ്രതിരോധം നടത്തുന്നത്. അതിന് എല്ലാവരുടേയും പിന്തുണ ഇനിയും വേണ്ടതുണ്ടെന്നും വിവാദങ്ങള്‍ക്ക് രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇനിയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. പഞ്ചായത്തു തലത്തില്‍ വാര്‍ഡുകളില്‍ തന്നെ ജാഗ്രതാ സമിതി രൂപീകരിച്ച് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ വൈറസ് ബാധയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ എത്തുന്നത്. അതിനാല്‍ ഹോം ക്വാറന്റയിന്‍ ഇനിയും കാര്യക്ഷമമാക്കും.

ആരോഗ്യ രംഗത്ത് കഴിഞ്ഞ നാലു വര്‍ഷത്തെ മാറ്റം കേരളത്തിനേറെ ഗുണം ചെയ്തു. 600 ലേറെ പി എച്ച് സി ക ളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. അവിടേക്ക് ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാനും സര്‍ക്കാരിനു സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡുമായി ഇണങ്ങിച്ചേര്‍ന്നു മുന്നോട്ടു പോകാനുള്ള കരുതല്‍ നമുക്ക് ഉണ്ടാവണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ ജാഗ്രത കുറയുന്ന ഒരു സമീപനം വന്നു ചേര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലെത്തുന്ന പ്രവാസികളെ ഉള്‍പ്പെടുത്തി ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കും. സംസ്ഥാനത്ത് പരിസ്ഥിതി ദിനത്തില്‍ 1 കോടി ഫല വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പ്രവാസി സംഘടനയുടെ 1 ലക്ഷം രൂപ പ്രവാസിയായ പനങ്ങാട്ട് അയപ്പന്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിക്കു കൈമാറി.

കുന്നംകുളം നഗര ആരോഗ്യ കേന്ദ്രത്തില്‍ ദിവസവും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ ഒ പി യുണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉണ്ടാവും. അത്യാധുനിക രീതിയ ലുള്ള ലാബ് സൗകര്യവും കുത്തിവെയ്പ്പിനുള്ള സൗകര്യവും ഇവിടെ ദിവസവും ഉണ്ട്. വ്യാഴാഴ്ചകളില്‍ ജീവിത ശൈലി നിര്‍ണയവും ശനിയാഴ്ചകളില്‍ വയോമിത്ര പരിചരണവും ഉണ്ടാകും.