കിഡ് ഗ്ലോവ് : വിദ്യാര്‍ത്ഥികള്‍ക്ക് സൈബര്‍ സുരക്ഷക്കായി ദര്‍ശനാത്മക സംരംഭം

post

തിരുവനന്തപുരം : കോവിഡ് മഹാമാരി മാറ്റി മറിച്ച ആധുനിക ലോകക്രമത്തിന്റെ ഭാഗമായി വിദ്യാഭ്യാസരംഗം ഇ-ലേര്‍ണിംഗ് എന്ന പുതിയ ചുവടുവയ്പ്പിന് സജ്ജമായിക്കഴിഞ്ഞു. ക്ളാസ് മുറികളില്‍ നിന്നും സൈബര്‍ ലോകത്തേക്ക് പറിച്ചുനടപ്പെടുന്ന വിദ്യാഭ്യാസ രീതിയില്‍ സൈബര്‍ രംഗത്തെക്കുറിച്ചുള്ള ശരിയായ അവബോധം നമ്മുടെ കുട്ടികള്‍ക്ക് അനിവാര്യമാണ്. വിദ്യാര്‍ത്ഥികള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും പരീക്ഷിക്കാനും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു. പരീക്ഷണം പഠിക്കാനുള്ള ഒരു നല്ല മാര്‍ഗമാണെങ്കിലും, സൈബര്‍ സാങ്കേതികവിദ്യയുടെ പ്രതികൂല സ്വാധീനത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ കുട്ടികള്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ടത് പ്രധാനമാണ്.

സൈബര്‍ ലോകത്ത് സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാനും ചതിക്കുഴികളും, ഭീഷണികളും തട്ടിപ്പുകളും തിരിച്ചറിയാനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ, സൈബര്‍ ആക്രമണങ്ങളുടെ സാങ്കേതികവശങ്ങളും പ്രത്യാഘാതങ്ങളും നിയമവശങ്ങളും പഠിപ്പിക്കുന്നതിനൊപ്പം ഡിജിറ്റല്‍ സുരക്ഷയിലും അവബോധം നല്‍കണം. സൈബര്‍ സുരക്ഷ, തട്ടിപ്പുകള്‍, സ്വകാര്യത, സംരക്ഷണം എന്നീ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല അദ്ധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ശരിയായ ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കേരള പോലീസിന്റെയും ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷന്റെയും (ISRA) സംയുക്താഭിമുഖ്യത്തില്‍ ഓസ്ട്രേലിയന്‍ ഇസേഫ്റ്റി കമ്മീഷണറുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സംരംഭമാണ് 'കിഡ് ഗ്ലോവ്'

വിപുലമായ അവബോധം, പരിശീലനം, വിദ്യാഭ്യാസ കാമ്പെയ്നുകള്‍ എന്നിവയിലൂടെ സൈബര്‍സ്പെയ്സിന്റെ ഭീഷണികളെ നേരിടാനും അവ പരിഹരിക്കാനുമുള്ള അവബോധവും ശേഷിയും സൃഷ്ടിക്കുന്നതിലാണ് കിഡ് ഗ്ലോവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കിഡ് ഗ്ലോവ് ലക്ഷ്യങ്ങള്‍:

* സൈബര്‍ സുരക്ഷയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവും പരിശീലനവും നല്‍കുക.

*അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നൂതന ഗവേഷണത്തിനും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും അവസരങ്ങള്‍ നല്‍കുക.

* സൈബര്‍ സുരക്ഷയില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിന് വിദ്യാലയങ്ങളില്‍ ഒരു പഠന വേദി ഒരുക്കുക.

* പരിശീലനത്തിലൂടെയും ആശയവിനിമയത്തിലൂടെയും വിവര സുരക്ഷയെക്കുറിച്ചുള്ള കാമ്പസ് അവബോധം വര്‍ദ്ധിപ്പിക്കുക

* ഈ സംരംഭത്തില്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളും രജിസ്റ്റര്‍ ചെയ്ത് 100% സൈബര്‍ സാക്ഷരത കൈവരിക്കുക