രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത സംഭവം: മന്ത്രി റിപ്പോര്‍ട്ട് തേടി

post

തിരുവനന്തപുരം: എയര്‍പോര്‍ട്ടില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗിയെ പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. രോഗലക്ഷണമില്ലാത്തവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടാതെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് അയക്കാമെന്ന് കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും പോസിറ്റീവ് കേസുകളില്‍ കേരളം അങ്ങനെ തീരുമാനിക്കാറില്ല. സ്രവ പരിശോധനയ്ക്ക് സാമ്പിള്‍ എടുത്ത് കഴിഞ്ഞാല്‍ റിസള്‍ട്ട് വരുന്നത് വരെ കാത്ത് നില്‍ക്കേണ്ടതുണ്ട്. അതിനിടയില്‍ രോഗിയെ ആംബുലന്‍സില്‍ വീട്ടിലെത്തിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് നടപടിക്രമം കൃത്യമായി പാലിക്കാതിരുന്നതെന്ന് അന്വേഷിക്കുന്നതാണ്. 

ചില മാധ്യമങ്ങള്‍ സ്വകാര്യ വാഹനത്തിലാണ് വീട്ടിലെത്തിയതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രി സൂപ്രണ്ടിനോട് അന്വേഷിച്ചപ്പോള്‍ ആംബുലന്‍സിലാണ് വീട്ടിലെത്തിച്ചതെന്നും തിരികെ കൊണ്ടുവന്നതെന്നും പറയുന്നുണ്ട്. എങ്കിലും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ വളരെ സുക്ഷ്മതയോടും ത്യാഗപൂര്‍ണവുമായും പ്രവര്‍ത്തനം നടത്തിവരുന്നതിനിടയില്‍ ഇത്തരത്തില്‍ യാതൊരു ശ്രദ്ധക്കുറവും ഉണ്ടാകാന്‍ പാടില്ല. അതിനാലാണ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.