നല്ല സിനിമയാകണം യുവതലമുറയുടെ ലഹരി

post

തിരുവനന്തപുരം: പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി നല്ല സിനിമകളെടുക്കാന്‍ പുതുതലമുറ ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇരുപത്തിനാലാമത് കേരള രാജ്യാന്തരചലച്ചിത്രമേള നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രമേയത്തിലും സാങ്കേതികതയിലും മലയാള സിനിമ ഇപ്പോള്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നത്. നല്ല സിനിമകള്‍ പ്രദര്‍ശന വിജയം നേടുന്നത് ഉന്നത ആസ്വാദന നിലവാരത്തെയാണ് വെളിവാക്കുന്നത്. പ്രേക്ഷകന്റെ രാഷ്ട്രീയ ബോധത്തെ പുരോഗമനപരമായി മുന്നോട്ടു നയിക്കാന്‍ സിനിമയ്ക്കാവും. സഹജീവികളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരില്‍ കണ്ടറിയാനുള്ള അവസരമാണ് ചലച്ചിത്രമേള. ഇതൊരു സാംസ്‌കാരിക പ്രതിരോധ പരിപാടി കൂടിയാണ്.

കേരള രാജ്യാന്തര ചലച്ചിത്രമേള വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന മേളയാണെന്ന പ്രത്യേകതയുണ്ട്. ഇവിടെ മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ക്കാണ് പ്രാധാന്യം. ആസ്വാദന, വിനോദ മൂല്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുകയും രാഷ്ട്രീയത്തെ പൂര്‍ണമായി അവഗണിക്കുകയും ചെയ്യുന്ന മറ്റു മേളകളില്‍ നിന്ന് കേരളത്തിലെ ചലച്ചിത്രമേള വ്യത്യസ്തമാവുന്നത് ഈ നിലപാടു കൊണ്ടാണ്. വിദേശങ്ങളിലെ മുന്‍നിര ചലച്ചിത്ര മേളകളില്‍ മലയാള സിനിമകള്‍ അംഗീകാരം നേടുന്നുണ്ട്. ഗോവ ചലച്ചിത്ര മേളയില്‍ കഴിഞ്ഞ മൂന്നു തവണയായി മലയാള സിനിമകള്‍ ഉന്നത പുരസ്‌കാരങ്ങള്‍ നേടുന്നു. ഐ. എഫ്. എഫ്. കെയിലെ ഗുണപരമായ മാറ്റങ്ങള്‍ മലയാള സിനിമയെ അടിമുടി മാറ്റിയിട്ടുണ്ട്. വ്യത്യസ്ത പ്രമേയങ്ങളിലുള്ള നിരവധി സിനിമകള്‍ തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശന വിജയം നേടുന്നു. അറുപതുകളിലെയും എഴുപതുകളിലെയും കേരളീയ സ്ത്രീയുടെ ജീവിത അവസ്ഥ സവിശേഷമായ ഭാവാദികളോടെ തിരശീലയില്‍ അവതരിപ്പിച്ച നടിയാണ് മുഖ്യാതിഥിയായെത്തിയ ശാരദയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാള സിനിമയുടെ നാള്‍വഴികള്‍ എന്ന ഗ്രന്ഥത്തിന്റെ ആദ്യ വോള്യം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കെ. ടി. ഡി. എഫ്. സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ ഏറ്റുവാങ്ങി. സിനിമ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്തു തുടങ്ങിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ അഭിപ്രായപ്പെട്ടു. പുതിയ അഞ്ച് തിയേറ്ററുകളുടെ നിര്‍മാണം കെ. ടി. ഡി. എഫ്. സി ആരംഭിച്ചിട്ടുണ്ട്. വനിതാ സംവിധായകര്‍ക്ക് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നു. സിനിമ മേഖലയിലെ സമഗ്ര നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തുടക്കമിട്ടതായി അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി. കെ. പ്രശാന്ത് എം. എല്‍. എ, മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍, കെ. ടി. ഡി. സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍, ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, ജൂറി ചെയര്‍മാന്‍ ഖൈരി ബഷാര എന്നിവര്‍ സംബന്ധിച്ചു.