മലങ്കര ജലാശയം; കൂടുതൽ വെള്ളം തുറന്നു വിടും

post

തുറക്കുന്നത് മൂന്ന് ഷട്ടറുകള്‍
ഇടുക്കി : മലങ്കര ജലാശയത്തിലെ മൂന്ന് ഷട്ടറുകള്‍ തിങ്കളാഴ്ച്ച രാവിലെ ആറ് മുതല്‍ 40 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. മെയ് 17 മുതല്‍ ഇതേ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ഇതിന് പുറമേയാണ് മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് 20 സെന്റീമീറ്റര്‍ കൂടി തിങ്കളാഴ്ച്ച മുതല്‍ തുറക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം ലഭിച്ചതായി എം.വി.ഐ.പി. അധികൃതര്‍ അറിയിച്ചു.
ആകെ ആറ് ഷട്ടറുകളാണ് മലങ്കര ജലാശയത്തിനുള്ളത്. 42 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. വേനല്‍ മഴ ശക്തമായതിനാലും മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചതിനാലും മെയ് പകുതിയോടെ ജലനിരപ്പ് 41.5 മീറ്ററായി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് മെയ് 17 മുതല്‍ 20 സെ.മീറ്റര്‍ വീതം തുറന്ന് വിട്ടത്.
40.25 മീറ്ററാണ് മലങ്കരയിലെ ഇപ്പോഴത്തെ ജലനിരപ്പ്. അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുന്നതോടെ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലുള്ള പുഴകളില്‍ നിന്നും തോടുകളില്‍ നിന്നുമുള്ള നീരൊഴുക്ക് കൂടുമെന്നാണ് കണക്ക് കൂട്ടല്‍. ഇത് കൂടാതെ മൂലമറ്റം പവര്‍ ഹൗസില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതും മലങ്കര ജലാശയത്തിലേക്കാണ്.
തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുന്നതിനാല്‍ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എം.വി.ഐ.പി. (മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ട് ) അധികൃതര്‍ അറിയിച്ചു.