കേന്ദ്രം ടൂറിസം പദ്ധതികൾ ഉപേക്ഷിച്ചത് വഞ്ചന: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

post

154 കോടിയുടെ തീർഥാടന ടൂറിസം പദ്ധതികൾ പുനഃസ്ഥാപിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും, തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾക്കും തിരിച്ചടിയാകുന്ന രീതിയിൽ 154 കോടി രൂപയുടെ പദ്ധതികൾ തുടങ്ങിവെച്ച ശേഷം ഉപേക്ഷിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയക്കുമെന്നും കേന്ദ്ര ടൂറിസം മന്ത്രിക്ക് താൻ കത്തയക്കുമെന്നും മന്ത്രി പറഞ്ഞു. 69.47 കോടിയുടെ ശിവഗിരി ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ടും 133 ആരാധനാലയങ്ങൾ ക്രേന്ദീകരിച്ചുള്ള 85.22 കോടിയുടെ കേരള സ്പിരിച്വൽ സർക്യൂട്ട് പദ്ധതിയുമാണ് ഉപേക്ഷിച്ചത്.

ശിവഗിരിയും ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി ഒരു തീർത്ഥാടന സർക്യൂട്ട് നടപ്പാക്കണമെന്ന് 2017 ഫെബ്രുവരി രണ്ടിന് വർക്കല എംഎൽഎ വി. ജോയി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതി പ്രകാരം ശിവഗിരി തീർത്ഥാടന വികസനം നടത്താനാകുമെന്ന് മനസിലാക്കി 118 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് വെച്ചത്. ശിവഗിരി, അഞ്ചുതെങ്ങ് കോട്ട, ആലുവ അദ്വൈതാശ്രമം, നാഗർകോവിൽ മരുത്വാമല, വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം എന്നീ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ബൃഹത് പദ്ധതിയായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ, സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ട് വെച്ച 118 കോടി രൂപയുടെ പദ്ധതി വെട്ടിച്ചുരുക്കി 69.47 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് തീരുമാനിക്കുകയായിരുന്നു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.ടി.ഡി.സിയെ പദ്ധതി നടപ്പാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. അപ്രകാരം 2019 ജനുവരിയിൽ അനുമതി നൽകി പ്രവർത്തനമാരംഭിച്ച പദ്ധതിയാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഉപേക്ഷിച്ചത്. 2019 ഫെബ്രുവരിയിൽ അന്ന് കേന്ദ്ര ടൂറിസം മന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനമാണ് ശിവഗിരിയിൽ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചത്.

സംസ്ഥാന ടൂറിസം വകുപ്പിനെ ഒഴിവാക്കി ഐ.ടി.ഡി.സിയെ കൊണ്ട് പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിലെ ചില സംശയങ്ങൾ സംസ്ഥാനം ചൂണ്ടി കാണിച്ചെങ്കിലും, പദ്ധതി തടസം കൂടാതെ നടപ്പാക്കണമെന്ന നിലപാടുള്ളതിനാൽ എല്ലാ സഹകരണവും തുടർന്നും നൽകി. ടൂറിസം വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബന്ധപ്പെട്ട വകുപ്പിനെ പൂർണ്ണമായും ഒഴിവാക്കി ഒരു ടൂറിസം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതോടെ പദ്ധതിയുടെ മേൽ ടൂറിസം വകുപ്പിന് യാതൊരു നിയന്ത്രണവും ഇല്ലാതായി. അതിന്റെ ഫലമാണ് ഇന്ന് ഏകപക്ഷീയമായി ശ്രീനാരായണ സർക്യൂട്ട് കേന്ദ്രസർക്കാരിന് ഉപേക്ഷിക്കാൻ കഴിഞ്ഞത്.

അതേസമയം ശിവഗിരിയിൽ സംസ്ഥാന സർക്കാർ വിവിധ  വികസനപ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. കൺവെൻഷൻ സെന്റർ സ്ഥാപിക്കുന്നതിന് 13 കോടി രൂപയാണ് സംസ്ഥാനം അനുവദിച്ചത്. ജാതിയില്ലാ വിളംബരത്തിന്റെ 100 ാം വാർഷികം പ്രമാണിച്ച് മ്യൂസിയം സ്ഥാപിക്കുന്നതിന് അഞ്ചു കോടി രൂപയും അനുവദിച്ചു.

ശിവഗിരി കുന്നുകളാകെ പ്രകാശമാനമാക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ച് 80 എൽഇഡി ലാമ്പുകൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ഓർമ്മകൾ നിറയുന്ന അണിയൂർ ശ്രീ ദുർഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം എന്നിവിടങ്ങളിൽ സംസ്ഥാന ടൂറിസം വകുപ്പ് ഫണ്ട് വിനിയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ജന്മ സ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തിൽ സംസ്ഥാന സർക്കാർ 18 കോടി രൂപ ചെലവിൽ അത്യാധുനിക കൺവെൻഷൻ സെന്ററും, ഡിജിറ്റൽ മ്യൂസിയവും നിർമ്മിക്കുകയാണ്. രണ്ട് നിലകളിലായി 23,622 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

അൽഫോൺസ് കണ്ണന്താനം കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ആയിരുന്ന അവസരത്തിലാണ് കേരളത്തിലെ വ്യത്യസ്ഥ മതങ്ങളുടെ 133 ആരാധനാലയങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്ന കേരള സ്പിരിച്ച്വൽ സർക്യൂട്ട് എന്ന ടൂറിസം പദ്ധതിക്ക് അനുമതി നൽകിയത്. 2019 ജനുവരി 15ന് അനുമതി നൽകിയ പദ്ധതിയുടെ അടങ്കൽ തുക 85.22 കോടി രൂപയായിരുന്നു. സംസ്ഥാന ടൂറിസം വകുപ്പ് ആവശ്യപ്പെട്ട പ്രകാരമല്ല പദ്ധതി അനുവദിച്ചത്. സ്വദേശി ദർശൻ പദ്ധതി പ്രകാരമുള്ള കേരള സ്പിരിച്ച്വൽ സർക്യൂട്ടിന്റെ സംസ്ഥാനതല പ്രവൃത്തി ഉദ്ഘാടനം പത്തനംതിട്ട മാക്കാംക്കുന്ന് സെന്റ്സ്റ്റീഫൻസ് പാരിഷ് ഹാളിൽ അന്ന് മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ നിർവഹിക്കുകയും ചെയ്തതാണ്.

സംസ്ഥാനത്തെ ആരാധനാലയങ്ങൾക്ക് ഗുണമുണ്ടാകുന്ന പദ്ധതിയായതിനാൽ സംസ്ഥാന ടൂറിസം വകുപ്പ് എല്ലാ പിന്തുണയും നൽകി. ഇതനുസരിച്ച് വാപ്കോസ്, കെൽ, ഹാബിറ്റാറ്റ്  എന്നീ മൂന്ന് ഏജൻസികളെ പദ്ധതി നടത്തിപ്പിനായി ചുമതലപ്പെടുത്തി. മൂന്ന് ആർകിടെക്ടുകളേയും പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ തിരഞ്ഞെടുത്തു. 36 മാസത്തിനകമാണ് പദ്ധതി പൂർത്തിയാക്കാൻ നിർദ്ദേശിച്ചിരുന്നത്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട എല്ലാ ടെണ്ടർ രേഖകളും ടൂറിസം വകുപ്പ് തയ്യാറാക്കി സമർപ്പിച്ചിരുന്നു. ഇതനുസരിച്ച് പ്രവൃത്തി തുടങ്ങാൻ ഒന്നാംഘട്ടമായി അനുവദിക്കുന്ന തുക റിലീസ് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിൽ നിന്നും ഒന്നാംഘട്ടം ലഭിക്കേണ്ട തുക ലഭിക്കുന്നതിനനുസരിച്ച പ്രവൃത്തി തുടങ്ങാൻ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ പദ്ധതി കേന്ദ്രം റദ്ദാക്കിയത്. ഈ പദ്ധതി ഉപേക്ഷിച്ചതോടെ, ഡി.പി.ആർ തയ്യാറാക്കാനും മറ്റുമായി ലക്ഷക്കണക്കിന് രൂപയാണ് ഏജൻസികൾക്ക് ടൂറിസം വകുപ്പ് നൽകേണ്ടി വരുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തിൽ ഒരു കാരണവും കൂടാതെ റദ്ദാക്കിയ പദ്ധതികൾ തുടരാൻ കേന്ദ്രം തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ശിവഗിരി തീർഥാടന സർക്യൂട്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ രണ്ടിന് വർക്കല മൈതാനത്ത് സത്യഗ്രഹം നടത്തുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത വി. ജോയ് എം.എൽ.എ. അറിയിച്ചു.