ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം

post

ഇടുക്കി  : കാര്‍ഷിക വിപണന രംഗം കേന്ദ്രികൃതമാക്കി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ചു ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് മന്ത്രി എംഎം മണി. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി ബ്ലോക്ക്തല പരിപാടിയുടെയും ചക്ക സംസ്‌കരണ യൂണിറ്റിന്റെയും  ഉദ്ഘാടനം നിര്‍വഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഭിക്ഷ പദ്ധതി സര്‍ക്കാരിന്റെ വിപ്ലവകരമായ തീരുമാനം ആണെന്നും ജില്ലയുടെ  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും യോഗത്തിന് അധ്യക്ഷത വഹിച്ചു റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു.  ഏറ്റവും കൂടുതല്‍ ചക്ക ഉല്പാദിപ്പിക്കുന്ന ജില്ലാ ഇടുക്കി ആണെന്നും ചക്ക സംസ്‌കരണ യൂണിറ്റ് ജില്ലയില്‍ വന്‍ വിജയമായിരിക്കുമെന്നും അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. 

പദ്ധതിക്ക് ആവശ്യമായ സ്ഥലം നല്‍കിയ പാറത്തോട് ആന്റണിയെയും ഇന്ന് ജോലിയില്‍ നിന്ന് വിരമിക്കുന്ന ജില്ലാ പ്ലാനിങ് ഓഫീസര്‍ കെകെ ഷീലയെയും യോഗത്തില്‍   എംപി ആദരിച്ചു. 14 ലക്ഷം രൂപയാണ് യൂണിറ്റിന് വേണ്ടി ഇടുക്കി ബ്ലോക്ക് നല്‍കിയത്. 23 പേരടങ്ങുന്ന ആളുകളാണ് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നത്. താന്നിക്കണ്ടം വനിതാ തൊഴില്‍ പരിശീലന കെട്ടിടത്തിലാണ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.  സംസ്‌കരണ യൂണിറ്റിന്റെ പരിസരത്തു മന്ത്രിയുടെ നേതൃത്വത്തില്‍  പ്ലാവിന്റെ തൈ നടലും വിവിധ ചക്ക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിതരണവും ഉണ്ടാരുന്നു. 

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്സ്യ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്,   പഞ്ചായത്ത് പ്രസിഡണ്ടുമാരായ  രാജേശ്വരി രാജന്‍, സെലിന്‍ വിഎം, ജില്ലാ കളക്ടര്‍ എച് ദിനേശന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെകെ ഷീല, കെഎസ്ആര്‍ടിസി ഡയറക്ടറേറ്റ് ബോര്‍ഡ്അംഗം സിവി വര്‍ഗ്ഗീസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.