ജില്ലയില്‍ രണ്ട് പേര്‍ക്കു കൂടി കോവിഡ്

post

കൊല്ലം:  ജില്ലയില്‍ രണ്ട് പേര്‍ക്കു കൂടി കോവിഡ്. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ 22 വയസുകാരനാണ് (ജ47) ഒരാള്‍. മെയ് 27 ന് പുലര്‍ച്ചെ എറണാകുളം സ്പെഷല്‍ ട്രെയിനില്‍ എത്തിയ ഈ യുവാവിന് ബോധക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് വിളക്കുടിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വോറന്റെയിനില്‍ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ചതോടെ   ഇപ്പോള്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിചരണത്തിലാണ്.

കുവൈറ്റില്‍ നിന്നും തിരികെയെത്തിയ അഞ്ചല്‍ സ്വദേശിയായ യുവതിയാണ് (48വയസ്) രണ്ടാമത്തെയാള്‍ (ജ48). എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതോടെ നിലവില്‍ 25 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കോവിഡ് നിയന്ത്രണത്തിന് മാസ്‌കും സാനിറ്റൈസറും  ശീലമാക്കുകയും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു.