ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ കെ ഷീലയ്ക്ക് ഹൃദ്യമായ യാത്രയയപ്പ്

post

ഇടുക്കി : ഇരുപത്തിരണ്ടു വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിനു ശേഷം വിരമിക്കുന്ന ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ ഷീലയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ഹൃദ്യമായ യാത്രയയപ്പ്. പ്ലാനിംഗ് ഓഫീസില്‍ കോവിഡ് പ്രൊട്ടോകോള്‍ പാലിച്ചു ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ആമുഖ ആശംസയര്‍പ്പിച്ചു. പ്ലാനിംഗ് ഓഫീസര്‍ എന്ന നിലയില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍, ചക്കസംസ്‌കരണ പദ്ധതി ഉള്‍പ്പെടെ നവീനങ്ങളായ ആശയങ്ങള്‍ നടപ്പിലാക്കിയ മികച്ച ഉദ്യോഗസ്ഥയുടെ സേവനമാണു ജില്ലയ്ക്ക് നഷ്ടപ്പെടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ക്കു അകമഴിഞ്ഞ പിന്തുണയാണ് ഇക്കാലമത്രയും ലഭിച്ചതെന്നും പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വേറിട്ട വ്യക്തിത്വമാണ് ഷീലയുടെതെന്നും ആശംസയര്‍പ്പിച്ചു ജില്ലാ കളക്ടര്‍ പറഞ്ഞു.

 ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍ പ്രസിഡന്റ് എസ്. ടി. അഗസ്റ്റിന്‍, പ്ലാനിംഗ് സമിതിയംഗം മനോജ് തങ്കപ്പന്‍, ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സേനാപതി ശശി, ജനകീയാസൂത്രണ സമിതിയംഗം ഷാഹുല്‍ഹമീദ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് സെലിന്‍ വിഎം , മുന്‍ പ്രസിഡന്റ് റിന്‍സി സിബി, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, പ്ലാനിംഗ് ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. കെ. കെ. ഷീലയുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സാബു ഫ്രാന്‍സിസ് സ്വാഗതവും റിസര്‍ച്ച് ഓഫീസര്‍ കെ.വി സജിത നന്ദിയും പറഞ്ഞു.