കെ. എസ്. എഫ്. ഇ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉയര്‍ത്തി

post

തിരുവനന്തപുരം : കെ. എസ്. എഫ്. ഇ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉയര്‍ത്തിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങളുടെ പലിശ എട്ടില്‍ നിന്ന് 8.5 ശതമാനമായി ഉയര്‍ത്തി. 91 ദിവസം മുതല്‍ 180 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങളുടെ വായ്പാ നിരക്ക് 4.75 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാക്കി.

പൊതുവിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഏഴില്‍ നിന്ന് 7.25 ശതമാനമായി ഉയര്‍ത്തി. ചിട്ടിപ്പണം നിക്ഷേപത്തിന്റെ പലിശ 7.5 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമാക്കി. ചിട്ടിയിന്‍മേല്‍ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ എട്ട് ശതമാനത്തില്‍ നിന്ന് എട്ടര ശതമാനമാക്കി. സുഗമ നിക്ഷേപം/ സുഗമ സെക്യൂരിറ്റി നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.5 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമാക്കി. കെ. എസ്. എഫ്. ഇ നിക്ഷേപ സമാഹരണം നടത്തി പ്രവാസികള്‍ക്കും വ്യാപാരികള്‍ക്കും വായ്പ നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു.

കെ. എസ്. എഫ്. ഇയുടെ രണ്ടു വര്‍ഷം കാലാവധിയുള്ള ഫിക്‌സഡ് ഡിവിഡന്റ് ചിട്ടിയില്‍ (ഗ്രൂപ്പ് ഫിനാന്‍സ് സ്‌കീം) നാലു മാസത്തിനു ശേഷം ആവശ്യക്കാര്‍ക്കെല്ലാം ചിട്ടിത്തുക മുന്‍കൂറായി നല്‍കും. വൈകി തുക വാങ്ങുന്നവര്‍ക്ക് കൂടുതല്‍ തുക ലഭിക്കും. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത ശാഖകളില്‍ പദ്ധതി നടപ്പാക്കും. ഈ സാമ്പത്തിക വര്‍ഷം ഇത്തരത്തിലുള്ള ആയിരം ചിട്ടികള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

12 തുല്യ മാസത്തവണകളായി അടയ്ക്കാന്‍ കഴിയുന്ന ജനമിത്രം സ്വര്‍ണപ്പണയ വായ്പയില്‍ ഒരാള്‍ക്ക് പത്തു ലക്ഷം രൂപ വരെ 5.7 ശതമാനം പലിശ നിരക്കില്‍ ലഭിക്കും. സുവര്‍ണജൂബിലി ചിട്ടിയുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ചിട്ടിപ്പണം അടയ്ക്കാനും സംവിധാനം ഏര്‍പ്പെടുത്തി. www.ksfe.com ല്‍ ലിങ്ക് ലഭ്യമാണ്. ഏജന്റുമാര്‍ക്കും അപ്രൈസര്‍മാര്‍ക്കും 2020 ഏപ്രിലില്‍ പത്തു മാസം കൊണ്ട് തിരിച്ചടയ്‌ക്കേണ്ട തരത്തില്‍ 15000 രൂപ വരെ പലിശ രഹിത വായ്പ നല്‍കി.

പഴയ കുടിശികകള്‍ തീര്‍ക്കുന്നതിന് അദാലത്ത് നടത്താന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. റിട്ടയേഡ് ജില്ലാ ജഡ്ജിയാവും അദാലത്ത് കമ്മിറ്റിയുടെ അധ്യക്ഷന്‍. അഞ്ച് വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള കുടിശികകളില്‍ പലിശയും പിഴപ്പലിശയും ഒഴിവാക്കി നല്‍കും. അത്യാഹിതത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയ സംഭവങ്ങളില്‍ മുതലിലും ഇളവ് നല്‍കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടാവും. അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കുടിശികയുടെ പലിശയില്‍ 80 ശതമാനം വരെ ഇളവ് നല്‍കാന്‍ കമ്മിറ്റിക്ക് കഴിയും. പിഴപ്പലിശ ഒഴിവാക്കുകയും ചെയ്യും.

മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ച പ്രവാസി സൗഹൃദ സ്വര്‍ണപ്പണയ വായ്പ, പ്രവാസി മിത്രം സ്വര്‍ണപ്പണയ വായ്പ, നിവാസി സൗഹൃദ പാക്കേജിലെ പ്രത്യേക സ്വര്‍ണപ്പണയ വായ്പ, വ്യാപാര സമൃദ്ധി വായ്പ എന്നിവയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.