റെയില്‍വേ സ്റ്റേഷനെ മാലിന്യമുക്തമാക്കാന്‍ ക്ലീന്‍ കേരള

post

തിരുവനന്തപുരം : റെയില്‍വേ സ്റ്റേഷനിലെ മാലിന്യമകറ്റാന്‍ നടപടിയുമായി ക്ലീന്‍ കേരള കമ്പനി. തിരുവനന്തപുരം റെയില്‍വേ യാര്‍ഡില്‍ നിന്നും ട്രെയിനുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ കേരള കമ്പനിയും ദക്ഷിണ റെയില്‍വേയും തമ്മില്‍ കരാറായത്.  മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
തിരുവനന്തപുരം റെയില്‍വേ കോച്ചിംഗ് ഡിപ്പോയില്‍ ഒരു റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. യൂണിറ്റിന്റെ പ്രവര്‍ത്തന പരിപാലനം ക്ലീന്‍ കേരള കമ്പനി നിര്‍വഹിക്കും.

യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് 11 സ്ത്രീകള്‍ ഉള്‍പ്പെടെ 19 പേരടങ്ങുന്ന കുടുംബശ്രീ ആക്ടിവിറ്റി ഗ്രൂപ്പാണ്. ഇവിടെ കമ്പോസ്റ്റിംഗ് ബിന്നുകളും തുമ്പൂര്‍മൂഴി കംമ്പോസ്റ്റിംഗ് യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കി വിപണനത്തിന് തയാറാക്കും. കമ്പോസ്റ്റിംഗ് മുഖേനെ ഉല്‍പ്പാദിപ്പിക്കുന്ന ജൈവവളം കൃഷിക്കും മറ്റും ഉപയോഗിക്കും.

ഫോയില്‍, ചെരുപ്പ്, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ബാഗുകള്‍, ഡയപ്പറുകള്‍, പേപ്പര്‍ മുതലായ അജൈവമാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. അജൈവമാലിന്യങ്ങളില്‍ കനംകുറഞ്ഞ ക്യാരിബാഗുകള്‍, പുന:ചംക്രമണയോഗ്യമല്ലാത്ത പ്ലാസ്റ്റിക് കവറുകള്‍ എന്നിവ ഷ്രെഡ്ഡ്‌ചെയ്ത് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ സജ്ജമാക്കും. അലൂമിനിയം ഫോയില്‍, കപ്പുകള്‍, പേപ്പര്‍, പേപ്പര്‍ പ്ലേറ്റ് തുടങ്ങിയവ ബണ്ടിലുകളാക്കി പുന:ചംക്രമണ ഏജന്‍സികള്‍ക്ക് കൈമാറും. പുന:ചംക്രമണയോഗ്യമല്ലാത്ത മാലിന്യങ്ങള്‍ ശാസ്ത്രീയമായ സാനിട്ടറി ലാന്റ് ഫില്ലിംഗിനായാണ് നല്‍കുന്നത്.
  യൂണിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഡസ്റ്റ് റിമൂവര്‍ മെഷീന്‍, ബെയിലിംഗ് മെഷീന്‍, പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് മെഷീന്‍ എന്നിവ യൂണിറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. ഉപകരണങ്ങള്‍ക്കുള്ള ഫണ്ട് ലഭ്യമാക്കിയത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നാണ്. ഈ പ്രവര്‍ത്തനം കേരളത്തിലെ മറ്റ് റെയില്‍വേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് ക്ലീന്‍ കേരള അധികൃതര്‍ അറിയിച്ചു. മാലിന്യത്തിന്റെ തോതനുസരിച്ച് പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.