സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിന് മാനദണ്ഡമായി

post

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളിലുള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമായി. സംസ്ഥാനത്തെ വിവിധ ഹോട്ട്‌സ്‌പോട്ടുകളിലെ ഓഫീസുകളില്‍ അതത് ജില്ലയിലെ പരിമിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. 

കോവിഡ്19 നിര്‍വ്യാപന/ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളും/സ്ഥാപനങ്ങളും പൂര്‍ണ്ണമായും തുറക്കണം. ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ 50ശതമാനം ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകണം. അവശ്യസേവന വകുപ്പുകളിലെ ജീവനക്കാര്‍ എല്ലാ ദിവസവും ഹാജരാകണം. മറ്റ് ജില്ലകളില്‍ അകപ്പെട്ട ജീവനക്കാര്‍ക്ക് അവരവരുടെ ജില്ലകളിലേക്ക് മടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം അതത് ജില്ലാ കളക്ടര്‍മാര്‍ ഒരുക്കണം. ഇതിനായി വരുന്ന ഡീസല്‍ ചെലവ് എസ്.ഡി.ആര്‍.എഫില്‍ നിന്ന് കണ്ടെത്തുകയും യാത്രക്കാരില്‍ നിന്ന് ഒരു നിശ്ചിത യാത്രാക്കൂലി ഈടാക്കുകയും വേണം. ഇത്തരത്തില്‍ മടങ്ങിയെത്താന്‍ കഴിയാത്ത ജീവനക്കാര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണം. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ അവിടെ തുടരണം. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജീവനക്കാരെ ജില്ലാ കളക്ടര്‍മാര്‍ക്ക് കോവിഡ്19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുകയോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുകയോ ചെയ്യാം. ഇതിനുള്ള ക്രമീകരണം കളക്ടറേറ്റുകളില്‍ ഒരുക്കണം.

ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥലമാണെങ്കില്‍കൂടി സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ എന്നിവ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ജീവനക്കാരുടെ സേവനം ആവശ്യമുണ്ടെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികള്‍ക്ക് ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെടാം. സേവനത്തിനുശേഷം തിരികെ ഓഫീസില്‍ പ്രവേശിക്കുമ്പോള്‍ ബന്ധപ്പെട്ട ഓഫീസില്‍ നിന്ന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരത്തില്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അത് അര്‍ഹതയുള്ള അവധിയായി പരിഗണിക്കും. മറ്റ് ജില്ലകളിലായ ജീവനക്കാരുടെ സമാഹൃതറിപ്പോര്‍ട്ട് വകുപ്പ് മേധാവികള്‍ മെയ് 30നകം തയ്യാറാക്കി ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറണം. ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡില്‍ ജീവനക്കാര്‍ക്ക് അന്തര്‍ജില്ലാ യാത്രാനുമതി പോലീസ് നല്‍കും.

ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍, അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള രക്ഷകര്‍ത്താക്കള്‍, ഭിന്നശേഷിക്കാരും/ അംഗപരിമിതരുമായ കുട്ടികളുടെ രക്ഷകര്‍ത്താക്കളായ ഉദ്യോഗസ്ഥര്‍ എന്നിവരെ ഡ്യൂട്ടിയില്‍ നിന്നും പരമാവധി ഒഴിവാക്കണം. ഇ-ഫയല്‍ പ്രോസസ് ചെയ്യുന്ന ജീവനക്കാര്‍ ഐടി വകുപ്പ്/ബന്ധപ്പെട്ട അധികാരികള്‍ വഴി വിപിഎന്‍ കണക്ടിവിറ്റി നേടണം. ഇ-ഓഫീസ് വഴിയുള്ള ഫയല്‍ നീക്കം വകുപ്പ് തലവന്‍മാര്‍ പരിശോധിക്കണം. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഓഫീസ് തലവന്‍മാര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഡിഡിഒമാര്‍ക്ക് മെയ് 30നകം നല്‍കണം. കോവിഡ്19 പ്രതിരോധവുമായി ബന്ധപ്പെട്ട ബ്രേക്ക് ദ ചെയിന്‍ പരിപാടിയുടെ നടപടിക്രമങ്ങള്‍ ജോലിയിടങ്ങളിലും പൊതുസ്ഥലങ്ങളിലും കര്‍ശനമായി പാലിക്കുന്നുവെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണം.