സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാശനം ചെയ്തു

post

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കുന്ന ഈ വര്‍ഷത്തെ കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്ക, ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖ ഓറഞ്ച് ബുക്കിന്റെ  പ്രകാശന കര്‍മം റവന്യൂ-ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളുടെ നടത്തിപ്പിനുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, തദ്ദേശ സര്‍ക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതികള്‍ വിനിയോഗിക്കുന്നത് സംബന്ധിച്ച്, ദുരന്തശേഷം വീടുകളില്‍ തിരികെ പോകുന്നവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, രാത്രികാലങ്ങളിലും ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ച് പെട്ടെന്ന് ജലം ഒഴുക്കിവിടേണ്ടി വന്നേക്കാവുന്ന ചെറിയ അണക്കെട്ടുകളും, അത്തരം അവസരത്തില്‍ സ്വീകരിക്കേണ്ട നടപടികളും, പാമ്പ് കടിയ്ക്കുള്ള ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ പട്ടിക, സന്നദ്ധ പ്രവര്‍ത്തകരുടെ വിനിയോഗം, ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, വെള്ളപ്പൊക്കം സംബന്ധിച്ച മുന്നറിയിപ്പ് വിവരങ്ങള്‍ എന്നിവ ഈ വര്‍ഷം അധികമായി ചേര്‍ത്തിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഇ.ഒ.സി ആണ് അതാത് വര്‍ഷം മുന്‍ വര്‍ഷത്തെ അനുഭവങ്ങളും, അതാത് വര്‍ഷത്തെ  സവിശേഷ സാഹചര്യങ്ങളും പരിഗണിച്ച് കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്ക, ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നത്. അതാത് വര്‍ഷം സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ വിളിച്ചുചേര്‍ക്കുന്ന കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്ക അവലോകന യോഗത്തിന് മുന്നോടിയായി എല്ലാ വകുപ്പുകള്‍ക്കും, കേന്ദ്ര സേനകള്‍ക്കും ഈ പുസ്തകം അയച്ച് നല്കുകയും, അവരുടെ അഭിപ്രായങ്ങള്‍ കൂടി ചേര്‍ത്ത് പ്രസിദ്ധീകരിക്കുകയും ആണ് ചെയ്യുന്നത്.

ഓറഞ്ച് ബുക്ക് ഇവിടെ ലഭിക്കും : https://sdma.kerala.gov.in/wp-content/uploads/2020/05/Orange-Book-of-Disaster-Management-2-2020-1.pdf