സുഭിക്ഷ കേരളം പദ്ധതി; പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്ത കൈവരിക്കാനാകുമെന്ന് മന്ത്രി എം.എം. മണി

post

ഇടുക്കി : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലൂടെ കേരളത്തില്‍ പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാവുമെന്ന് മന്ത്രി എം.എം.മണി. പദ്ധതിയുടെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം അരിക്കുഴയിലെ ഇടുക്കി ജില്ലാ കൃഷിത്തോട്ടത്തില്‍ നടത്തി. ഫലവൃക്ഷ തൈകളും കിഴങ്ങ് വര്‍ഗ്ഗവിളകളും നട്ടുകൊണ്ട് സംസ്ഥാന വൈദ്യുതി മന്ത്രി എം.എം. മണി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാവാതിരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ സുഭിക്ഷ കേരളം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയിലും ഉല്‍പ്പാദന കുറവുണ്ടാകും. ഇത് ഭാവിയില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ളവയുടെ ലഭ്യതക്കുറവിനിടയാക്കും. ഇതിനെ ഒരു പരിധിവരെ മറികടക്കാന്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിക്കായി സര്‍ക്കാര്‍ പ്രത്യേകം ഫണ്ട് മാറ്റി വച്ചിട്ടുണ്ടെന്നും മന്ത്രി എം.എം.മണി അറിയിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യാ പൗലോസ് അദ്ധ്യക്ഷയായി. ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്, ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, ജില്ലാ കൃഷി ഓഫീസര്‍ ബാബു.ടി.ജോര്‍ജ്, അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുലോചന, അരിക്കുഴ കൃഷി ഫാം സൂപ്രണ്ട് റീലമ്മ, വിവിധ ജനപ്രതിനിധികള്‍, കൃഷി ഉദ്യോഗസ്ഥര്‍, ഫാം തൊഴിലാളികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.  സുഭിക്ഷ കേരളം പദ്ധതി പ്രകാരം അരിക്കുഴ കൃഷി ഫാമില്‍ ആറേക്കര്‍ സ്ഥലത്താണ് കൃഷിയിറക്കുക. നാലേക്കര്‍ സ്ഥലത്ത് ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ വിളവെടുക്കാവുന്ന കപ്പ കൃഷി ചെയ്യും. ചേനയും ചേമ്പും ഒരേക്കര്‍ വീതമാണ് കൃഷിയിറക്കുക. ബാക്കിയുള്ള സ്ഥലങ്ങളില്‍ വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. വിളവെടുക്കുന്ന പച്ചക്കറികളും കിഴങ്ങുകളും പൊതുമാര്‍ക്കറ്റുകള്‍ വഴി വിപണിയിലെത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് ഫാം അധികൃതര്‍ പറഞ്ഞു. ഇതു കൂടാതെ 'ഒരു കോടി ഫല വൃക്ഷത്തൈ' വിതരണത്തിന്റെ ഭാഗമായി ജില്ലയിലെ കൃഷി ഭവനുകളില്‍ വിതരണം ചെയ്യുന്നതിനായി 2.25 ലക്ഷം ഫലവൃക്ഷ തൈകള്‍ അരിക്കുഴ കൃഷി ഫാമില്‍ നിന്നുമാണ് ഉല്‍പാദിപ്പിച്ചത്. ലോക്ക് ഡൗണ്‍ സമയത്ത് ഫാമില്‍ ഉല്‍പാദിപ്പിച്ച 14000 പച്ചക്കറി വിത്ത് പാക്കറ്റുകള്‍ കൃഷിഭവനുകള്‍ വഴി വിതരണം ചെയ്തിരുന്നു. ഇതോടൊപ്പം പച്ചക്കറി വിത്തുകളും ഫലവര്‍ഗ വിളകളും ഫാമില്‍ നിന്നും വില്‍പ്പനയും നടത്തുന്നുണ്ട്.