ഈ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത് യുവജനങ്ങള്‍ക്ക്- മുഖ്യമന്ത്രി

post

തിരുവനന്തപുരം: യുവജനക്ഷേമത്തിനാണ് ഈ സര്‍ക്കാര്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ നല്‍കാനായതായും മുഖ്യമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളിലും കാര്‍ഷിക രംഗത്തും ഒട്ടേറെ യുവാക്കള്‍ മുന്നോട്ടു വരുന്നു. നിക്ഷേപ സൗഹൃദമായി മാറിയതിലൂടെ യുവാക്കള്‍ക്ക് തൊഴിലിന് കേരളത്തില്‍ തന്നെ അവസരങ്ങളുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

സുരക്ഷിതമായി ജീവിക്കാനാകുന്ന സംസ്ഥാനമെന്ന് ഖ്യാതി നേടാന്‍ കേരളത്തിനായിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം എന്നീ മേഖലകളില്‍ മുന്നേറാനാകും. കാര്‍ഷികമേഖല, ഫിഷറീസ് മേഖല എന്നിവയുടെ വികസനത്തിനായി അതത് വകുപ്പുകള്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഇവ സഹായകമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മത്സ്യബന്ധന മേഖലയോടും മത്സ്യത്തൊഴിലാളികളോടും പ്രത്യേക അനുകൂല മനോഭാവമാണ് സര്‍ക്കാരിനുള്ളത്. 18685 കുടുംബങ്ങള്‍ക്കായി 2450 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മുടങ്ങിക്കിടന്ന പല പ്രമുഖ പദ്ധതികളും പൂര്‍ത്തീകരണത്തിലേക്കെത്തിക്കാനായത് സര്‍ക്കാരിന്റെ നേട്ടമാണ്. ഹരിത കേരള മിഷന്‍ പ്രവര്‍ത്തനത്തിലൂടെ നാടിന്റെ ശുചീകരണം പൊതുസംസ്‌കാരമാക്കി മാറ്റാനായി.

സംസ്ഥാനത്തെ ഏറ്റവും വലിയ സേനയാണ് പോലീസെന്നും കോവിഡ്, പ്രളയ പ്രവര്‍ത്തനങ്ങളില്‍ അര്‍പ്പണ ബോധത്തോടെയാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റാന്വേഷണം, ക്രമസമാധാനം എന്നിവ നല്ല രീതിയില്‍ നടപ്പാക്കാനായിട്ടുണ്ട്. അതേ സമയം ഇതില്‍ വിട്ടുവീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശനമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുടങ്ങിക്കിടന്ന ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യാനായതും ലൈഫ് മിഷനിലൂടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് വീട്് നല്‍കാനായതുമാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഏറെ സന്തോഷമുണ്ടാക്കിയ അവസരങ്ങളെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു


cm