താനെയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്പെഷ്യല്‍ ട്രെയിന്‍ യാത്ര മാറ്റിവച്ചു

post

 യാത്രക്കാര്‍ എല്ലാവരും കോവിഡ്19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ യാത്രാനുമതി ലഭിക്കും

തിരുവനന്തപുരം : മഹാരാഷ്ട്ര താനെയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്പെഷ്യല്‍ ട്രെയിന്‍ യാത്ര മാറ്റി വച്ചു. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതിനാല്‍ കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് യാത്ര മാറ്റി വച്ചത്. എല്ലാ യാത്രക്കാരും കോവിഡ്19ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് നേടുന്ന മുറയ്ക്ക് ട്രെയിന്‍ യാത്ര അനുവദിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വളരെ കുറച്ചുപേര്‍ മാത്രമേ കോവിഡ്19 ജാഗ്രത പോര്‍ട്ടലില്‍ തങ്ങളുടെ വിശദാംശം രജിസ്റ്റര്‍ ചെയ്ത് പ്രവേശന പാസ് നേടിയിരുന്നുള്ളൂ എന്ന് മനസ്സിലാക്കിയാണ് കേരള സര്‍ക്കാര്‍ യാത്ര മാറ്റിവെക്കാന്‍ അഭ്യര്‍ഥിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ വിശദവിവരങ്ങള്‍ സര്‍ക്കാരിന് മുന്‍കൂട്ടി ലഭിക്കേണ്ടത് അനിവാര്യമാണ്.

കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഹോം ക്വാറന്റിന്‍ ആണ് നിര്‍ബന്ധം. എന്നാല്‍ ഹോം ക്വാറന്റിന്‍ സൗകര്യം ഉണ്ടോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കാനും ഇല്ലാത്തവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റിന്‍ ഒരുക്കാനും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനും മുന്‍കൂര്‍ വിവരം ലഭിക്കണം. എങ്കില്‍ മാത്രമേ റെയില്‍വേ സ്റ്റേഷനുകളില്‍ വച്ച് യാത്രക്കാരെ പരിശോധിക്കുന്നതിന് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിന്‍, ഹോം ക്വാറന്റയിന്‍ എന്നീ സംവിധാനങ്ങളിലേക്ക് അവരെ എത്തിക്കാനും കഴിയുകയുള്ളൂ. സംസ്ഥാന സര്‍ക്കാരിന് മുന്‍കൂര്‍ വിവരമില്ലാതെ ട്രെയിനുകള്‍ എത്തിച്ചേര്‍ന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലാതായിത്തീരും. കേരളത്തിലേക്ക് വരുന്ന മലയാളികള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അതുകൊണ്ടുതന്നെ അനിവാര്യമാണ്.മഹാരാഷ്ട്ര താനെയില്‍ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ ഞായറാഴ്ച (24) പുറപ്പെടുന്ന വിവരം സംസ്ഥാന സര്‍ക്കാരിന് ലഭ്യമാക്കിയിട്ടില്ലായിരുന്നു. അത് കണക്കിലെടുത്താണ് ഇപ്പോള്‍ ട്രെയിന്‍ യാത്ര മാറ്റി വയ്ക്കുവാന്‍ തീരുമാനമെടുത്തത്.

കോവിഡ്19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ആളുകളുടെ ആവശ്യപ്രകാരം ട്രെയിനുകള്‍ സര്‍വ്വീസ് നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കാലതാമസമില്ലാതെ തന്നെ ലഭ്യമാക്കും. എല്ലാ മലയാളികള്‍ക്കും കേരളത്തിലേക്ക് മടങ്ങി വരുവാനുള്ള അവകാശമുണ്ട്. എന്നാല്‍ സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും സമൂഹത്തിന്റെ ആരോഗ്യവും സംരക്ഷിച്ചു നിര്‍ത്താനുള്ള ഒരു സംവിധാനമായി മാത്രം കണ്ട് കേരളത്തിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും കോവിഡ്19ജാഗ്രത പോര്‍ട്ടലില്‍ തങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് സംസ്ഥാനന്തര യാത്രയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. പൊതുനന്‍മ മുന്നില്‍ കണ്ടു ക്രമമായി ആളുകളെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുക്കിയ സംവിധാനവുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.