വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി പരീക്ഷ എഴുതും; ജില്ലയില്‍ സജ്ജീകരണങ്ങൾ പൂർത്തിയായി

post

പാലക്കാട്: പരീക്ഷ മാറ്റി വയ്ക്കാനാവാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും ജില്ലയിലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ എല്ലാ വിദ്യാര്‍ഥികളും സുരക്ഷിതമായി പരീക്ഷ എഴുതുമെന്നും മന്ത്രി എ കെ ബാലന്‍ അറിയിച്ചു. ഇതിനായി എല്ലാവിധ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. കോവിഡ് 19 പ്രതിരോധവും കാലവര്‍ഷ മുന്നൊരുക്കങ്ങളും സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ എ.കെബാലന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആകെ 199 കേന്ദ്രങ്ങളിലായി 39266 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. 148 കേന്ദ്രങ്ങളിലായി 80186 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും 25 വി.എച്ച്.എസ്.ഇ കേന്ദ്രങ്ങളിലായി 3822 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 123274 പേരാണ് പരീക്ഷ എഴുതുന്നത്.

നിലവില്‍ ജില്ലയിലുള്ള ഏഴു ഹോട്ട്‌സ്‌പോട്ടുകളില്‍ എവിടെയും പരീക്ഷാകേന്ദ്രം സജ്ജീകരിച്ചിട്ടില്ല. മുതലമടയിലെ നെന്മേനിയില്‍ ഉള്‍പ്പെട്ട ഒരു കേന്ദ്രത്തെ മാറ്റിയതായും മന്ത്രി അറിയിച്ചു. 1,51,000 മാസ്‌കുകള്‍ നാഷണല്‍ സര്‍വീസ് സ്‌കീം, എസ് എസ് കെ എന്നിവ മുഖേന വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഹാന്‍ഡ് വാഷ്, സോപ്പ് എന്നിവ പരീക്ഷ തുടങ്ങുന്നതിനു മുമ്പ് തന്നെ നല്‍കുന്നതാണ്.

വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ബസ് എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്. ഇന്‍വിജിലേറ്റര്‍മാരും സൂപ്രണ്ട്മാരും ഡെപ്യൂട്ടി സൂപ്രണ്ട്മാരെ ഉള്‍പ്പെടെ പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നും 36 വിദ്യാര്‍ഥികളാണ് പാലക്കാട് പരീക്ഷ എഴുതാന്‍ എത്തുക. ഇവര്‍ക്കായി പ്രത്യേക മുറി സജ്ജീകരിക്കും. അവിടെ കുടുങ്ങിയ 17 അധ്യാപകരെ തത്ക്കാലം ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്‌കൂളുകളുടെ കവാടത്തിനു മുന്നില്‍ തന്നെ തെര്‍മല്‍ സ്‌കാനര്‍ പരിശോധനയും നടത്തും. ഓരോ പരീക്ഷ കഴിഞ്ഞതിനു ശേഷവും ജില്ലാ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ക്ലാസ് മുറികള്‍ അണുവിമുക്തമാക്കും. നിലവില്‍ എല്ലാം സ്‌കൂളുകളുടെയും ക്ലാസ് മുറികള്‍ അണുവിമുക്തമാക്കുന്നുണ്ട്. എന്തെങ്കിലും കാരണത്താല്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുടെ കാര്യം പിന്നീട് പരിഗണിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.