കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി മാലിന്യങ്ങള്‍ നീക്കം ചെയ്തു

post

തൃശൂര്‍ : കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി രണ്ട് പതിറ്റാണ്ട് കാലമായി മാലിന്യങ്ങള്‍ അടിഞ്ഞുകിടന്നിരുന്ന മുല്ലശ്ശേരി പഞ്ചായത്തിലെ വാണിവിലാസം ന്യൂസി ബേക്കറി തോട് നവീകരിച്ചു. കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രളയക്കെടുതി ഒഴിവാക്കാന്‍ മുല്ലശ്ശേരി പഞ്ചായത്ത് നടത്തുന്ന നടപടികളുടെ ഭാഗമായാണ് തോട്ടിലും കള്‍വര്‍ട്ടിനടിയിലും അടിഞ്ഞുകൂടിയ മാലിന്യങ്ങളും മറ്റ് അവിശിഷ്ടങ്ങളും നീക്കം ചെയ്ത് നവീകരിച്ചത്. ഒരു കിലോമീറ്ററോളം നീളത്തിലായിരുന്നു തോട്ടില്‍ മണ്ണും മരങ്ങളും മാലിന്യങ്ങളും അടിഞ്ഞുകിടന്നിരുന്നത്. എലവത്തൂര്‍ കാരക്ക തോട്ടിലെ കുളവാഴ നീക്കി നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി, വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജന്‍, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍മാരായ സീമ ഉണ്ണികൃഷ്ണന്‍, മിനി മോഹന്‍ദാസ്, ഇന്ദുലേഖ ബാജി എന്നിവര്‍ നേതൃത്വം നല്‍കി.