ഈദ് ഞായറാഴ്ചയെങ്കിൽ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ്: മുഖ്യമന്ത്രി

post

തിരുവനന്തപുരം: ഞായറാഴ്ചയാണ് പെരുന്നാളെങ്കിൽ അന്ന് സമ്പൂർണ ലോക്ക്ഡൗണിന് ചില ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽ പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിനു തടസ്സമാകും. ഇത് കണക്കിലെടുത്ത് ഇന്നും മാസപ്പിറവി ഇന്നു കാണുന്നില്ലെങ്കിൽ നാളെയും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഒമ്പതു മണി വരെ തുറക്കാൻ അനുവദിക്കും. ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങൾക്ക് ഈദുൽ ഫിത്തർ ആശംസിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

സ്ഥിതിസമത്വത്തിന്റെയും സഹനത്തിന്റെയും അനുതാപത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുൽ ഫിത്തർ നൽകുന്നത്. ഇതിന്റെ ചൈതന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് എല്ലാവർക്കും ഈദ് ആശംസകൾ നേര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.