ഭക്ഷ്യസമൃദ്ധിക്കായി യുവജന കമ്മീഷന്റെ ഗ്രീൻസോൺ പദ്ധതി

post

തിരുവനന്തപുരം: ഭക്ഷ്യസമൃദ്ധിക്കായി യുവജന കമ്മീഷന്റെ ഗ്രീൻസോൺ പദ്ധതിക്ക് തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്കിലെ പേങ്ങുമൂടിൽ തുടക്കമായി. സഹകരണ - ദേവസ്വം - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ സംസ്ഥാനം എന്ന നിലയെ കേരളം അതിജീവിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. സർക്കാർ തരിശു കിടക്കുന്ന ഭൂമികളെല്ലാം ഹരിതാഭമാക്കാനുള്ള പരിശ്രമങ്ങളിലാണ്. യുവജനങ്ങളെ കാർഷിക സംരംഭങ്ങളിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചത് ഈ പശ്ചാത്തലത്തിലാണ്. യുവജനകമ്മീഷൻ തരിശുഭൂമികളെല്ലാം കൃഷിഭൂമിയാക്കാം എന്ന ലക്ഷ്യത്തോട് കൂടി യുവജനങ്ങൾ കൃഷിയിലേക്ക് ആവേശപൂർവ്വം ഇറങ്ങുന്നത് പ്രോത്സാഹിപ്പിക്കുകയും ഇതിന് വിവിധ വകുപ്പുകളുടെ പിന്തുണയും ഉറപ്പാക്കുകയും ചെയ്യും.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദ്ദേശം ഏറ്റെടുത്ത് കൊണ്ടാണ് യുവജനങ്ങൾ കൃഷിയിലേക്ക് ഇറങ്ങുന്നത്. മുഴുവൻ ജില്ലകളിലും ആദ്യഘട്ടത്തിൽ തരിശുഭൂമികൾ കണ്ടെത്തി കൃഷി ആരംഭിക്കും. കാർഷികരംഗത്തെ യുവജനസംരംഭകരുമായി കമ്മിഷൻ ചെയർപേഴ്‌സൺ കൂടിയാലോചനകൾ നടത്തിയിരുന്നു. ഇവരുടെ സംസ്ഥാന തലത്തിൽ കൂട്ടായ്മക്ക് രൂപം കൊടുക്കും. യുവകർഷകർക്ക് പ്രോത്സാഹനവും പരിശീലനവും ഉറപ്പാക്കും. യുവജനങ്ങളെ കാർഷികരംഗത്തേക്ക് ആകർഷിക്കാൻ നൂതനമാർഗങ്ങളെയും സഹായപദ്ധതികളെയും സംബന്ധിച്ച സമഗ്രമായ പദ്ധതിയാക്കി ഗ്രീൻസോൺ വ്യാപിപ്പിക്കുമെന്ന് കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം പറഞ്ഞു.

അഞ്ചേക്കറിൽ ചേന, ചേമ്പ്, ചീര, വെണ്ട, അമരക്ക കൃഷിയാണ് ആരംഭിച്ചിട്ടുള്ളത്. യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബിജു, കമ്മിഷൻ അംഗം ദിപു രാധാകൃഷ്ണൻ, സംസ്ഥാന കോ ഓർഡിനേറ്റർമാരായ അഡ്വ. എം രൺദീഷ്, ആർ മിഥുൻഷാ, തിരു: ജില്ലാ കോ ഓർഡിനേറ്റർ ആർ അമൽ, ബ്ലോക്ക് മെമ്പർ ലേഖ റാണി എന്നിവർ പങ്കെടുത്തു.