പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി നാഷണല്‍ സര്‍വീസ് സ്കീമിന്റെ മാസ്കുകള്‍

post

കോട്ടയം:ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി എസ്.എസ്.എല്‍.സി പരീക്ഷകള്‍ എഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ മാസ്കുകള്‍ ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാര്‍ നിര്‍മ്മിച്ചു നല്‍കി. ജില്ലയില്‍ രണ്ടു വിഭാഗങ്ങളിലുമായി 66000 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. തൊണ്ണൂറ് എന്‍.എസ്.എസ് യൂണിറ്റുകളില്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഒന്‍പതിനായിരം വോളണ്ടിയര്‍മാര്‍ ചേര്‍ന്ന് 75000 മാസ്കുകള്‍ തയ്യാറാക്കി.

എന്‍ എസ്സ്.എസ്സ് ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ ആര്‍. രാഹുല്‍, ടി.സി. ജോമോന്‍, കെ. ജയകൃഷ്ണന്‍, ബിജി ആന്‍ കുര്യന്‍, സിന്ധു ജി. നായര്‍ , കെ.സി. ചെറിയാന്‍, ബിനോ.കെ .തോമസ് എന്നിവര്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.മാസ്കുകള്‍ കളക്ടറേറ്റില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് കൈമാറി.

ജില്ല കളക്ടര്‍ പി.കെ സുധീര്‍ ബാബു , ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജോസഫ് സ്കറിയ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ പി.എസ്. ഷിന്‍റോമോന്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍ ടി.വി. ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.