നാളത്തെ കേരളം ലഹരിമുക്ത കേരളം; പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

post

കോഴിക്കോട്: സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും വിമുക്തി ലഹരിവര്‍ജന മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാളത്തെ കേരളം ലഹരിമുക്ത കേരളം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. 90 ദിന ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. ഓരോ വിദ്യാര്‍ത്ഥിയും ലഹരി വിമുക്ത കേരളത്തിനായുള്ള പോരാട്ടത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെ ലഹരി ഉപയോഗശീലം കുട്ടികള്‍ അനുകരിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ ഇല്ലാതാവണം. 90 ദിവസത്തിന് ശേഷവും ബോധവത്കരണ പ്രവര്‍ത്തനം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ സാക്ഷാത്കാരത്തിനായി 2019 നവംബര്‍ ഒന്ന് മുതല്‍ 2020 ജനുവരി 30 വരെ തീവ്രയജ്ഞ ബോധവല്‍ക്കരണ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. ബാലുശ്ശേരി ഗോകുലം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മാനേജറുമായ കെ. ജയപ്രകാശ് പദ്ധതി വിശദീകരണം നടത്തി. ബാലുശ്ശേരി എ.ഇ.ഒ. എം. രഘുനാഥ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ മാജിക് ഷോയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി. ആര്‍. അനില്‍കുമാര്‍, ഗോകുലം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. മുസാഫിര്‍ അഹമ്മദ്, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി. സി. കവിത, വിമുക്തി കോഡിനേറ്റര്‍ കെ. വി. അബ്ദുല്‍ മജീദ്, പേരാമ്പ്ര എക്‌സൈസ് സി. ഐ. സി. ശരത് ബാബു, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.