കേരള മോഡലിന് ഊര്‍ജ്ജമേകാന്‍ പ്രതിരോധ ഗീതം

post

മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം : ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടുന്ന പ്രതിരോധത്തിന്റെ കേരള മോഡലിന് ഊര്‍ജ്ജമേകാന്‍ പ്രതിരോധ ഗീതവും. ഡോ.കെ.ജെ.യേശുദാസ് ആലപിച്ച കേരളത്തിന്റെ കോവിഡ് പ്രതിരോധ ഗീതം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. നല്ല സന്ദേശമേകുന്ന ഗാനവീഡിയോ ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍മന്ത്രി എം.എ ബേബിക്ക് ക്യൂ ആര്‍ കോഡ് പതിപ്പിച്ച പോസ്റ്റര്‍ കൈമാറിയാണ് കേരള മീഡിയ അക്കാദമി തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനം മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെ ചേംബറില്‍ നിര്‍വ്വഹിച്ചത്. സ്വരലയയുമായി സഹകരിച്ചാണ് അക്കാദമി വീഡിയോ നിര്‍മ്മിച്ചത്.

കോവിഡിനെ പ്രതിരോധിക്കാന്‍ കേരളീയര്‍ ഒരുമനസ്സോടെ മുന്നോട്ടുപോകണമെന്നും  രോഗത്തെ അതിജീവിക്കാന്‍ ഭരണാധികാരികളുടെ വാക്കു കേള്‍ക്കണമെന്നും ഈ വേളയില്‍ ഭിന്നത വേണ്ടെന്നും യേശുദാസ് ഗാനാലാപത്തിന് മുമ്പുളള സന്ദേശത്തില്‍ പറഞ്ഞു. അമേരിക്കയില്‍ നിന്നും അദ്ദേഹം റെക്കോര്‍ഡ് ചെയ്ത് അയച്ചതാണ് പാട്ട്.

നമ്മളൊന്ന് ... എന്നുമൊന്ന് ..... കേരളമേ' എന്നു തുടങ്ങുന്ന ഗാനം കണ്ണീര്‍കണങ്ങള്‍ തുടച്ചുകൊണ്ടേ .... പുഞ്ചിരിത്തെല്ലും പങ്കിട്ടുകൊണ്ടേ... കേരളമിന്നതിജീവനത്തില്‍...മാതൃകാദേശമായി പാരിന്നാകേ!' എന്ന വരികളോടെയാണ് അവസാനിക്കുന്നത്. കവി പ്രഭാ വര്‍മ്മ രചിച്ച് സംഗീതസംവിധായകന്‍  എം.ജയചന്ദ്രന്‍ ഈണമിട്ട ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം ചലച്ചിത്രകാരന്‍ ടി.കെ.രാജീവ് കുമാറാണ് നിര്‍വ്വഹിച്ചത്.

പ്രകാശന ചടങ്ങില്‍ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, എം.ജയചന്ദ്രന്‍, പ്രഭാവര്‍മ്മ, ടി.കെ.രാജീവ് കുമാര്‍, സ്വരലയ ചെയര്‍മാന്‍ ജി.രാജ്മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

വീഡിയോ കാണാം : https://www.facebook.com/CMOKerala/videos/170141127770797