ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തി മുഖ്യമന്ത്രി

post

മലപ്പുറം : കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായെതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം എല്ലാവര്‍ക്കും അവകാശപ്പെട്ട മണ്ണാണ്. തിരികെ വരുന്നതില്‍ ആരും അവരെ  തടയുന്നുമില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് വരുന്നതെന്ന് ഉറപ്പാക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് അതത് ജില്ലകളില്‍ ഇതുവരെ നടപ്പിലാക്കിയതും തുടര്‍ന്ന് നടപ്പിലാക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരിച്ചെത്തുന്നവരില്‍ കോവിഡ് ബാധിതരായവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതോടൊപ്പം രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന  നല്‍കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി വാര്‍ഡു തലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ജില്ലാ തല സമിതികള്‍ പഞ്ചായത്തുകളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണെന്നും ഇതില്‍ വീഴ്ച സംഭവിച്ചാല്‍ സാമൂഹ്യ വ്യാപനത്തിനും വീണ്ടുമൊരു ലോക് ഡൗണിലേക്ക് പോകുന്നതിനും കാരണമാകുമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

തിരിച്ചെത്തുന്നവരില്‍ വീടുകളില്‍ മതിയായ സൗകര്യമുണ്ടെന്ന് അറിയിച്ചവരെ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കാമെന്ന് വിവിധ ജില്ലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.  മികച്ച ഭൗതിക സാഹചര്യങ്ങളില്‍ കഴിയുന്നവരാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ പട്ടിണി കിടക്കാനിടയാകുന്നുണ്ടോ എന്നത് ശ്രദ്ധിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, നദികളിലെയും തോടുകളിലെയും ചെളിയും മറ്റും നീക്കി ആഴം വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. രാജന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മലപ്പുറത്ത് നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.