ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍

post

കൊല്ലം : സംസ്ഥാനത്ത് 2020 ലെ  ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് അര്‍ധരാത്രി  മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേയ്ക്ക് നടപ്പിലാക്കാന്‍ തീരുമാനിച്ചതായി  ഫിഷറീസ്  വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.  ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇന്നലെ(മെയ്20) വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ ജില്ലാ കലക്ടര്‍മാരുടെയും ബന്ധപ്പെട്ട വകുപ്പു മേധാവികളുടേയും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍ നേതാക്കളുടെയും യോഗത്തിലാണ്  മന്ത്രി ഇക്കാര്യം അറിയിച്ചത്.

മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  കണ്‍ട്രോള്‍ റൂമുകള്‍ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചു. കൂടാതെ കോവിഡ്-19 വ്യാപനം തടയുന്നതിന് റിങ് സീന്‍ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ 30 ആയി നിജപ്പെടുത്തി. സാമൂഹ്യ അകലം പാലിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാവൂ എന്നും  ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായുള്ള ജില്ലാതല യോഗം മെയ് 30 നകം നടത്തുമെന്നും മന്ത്രി അറിയിച്ചു.