പ്രവാസികളുടെ മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല- മുഖ്യമന്ത്രി

post

തിരുവനന്തപുരം : കേരളം പ്രവാസികളുടെ കൂടി നാടാണെന്നും അവര്‍ക്കു മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്യനാടുകളില്‍ ചെന്ന് കഷ്ടപ്പെടുന്ന അവര്‍ക്ക് ഏതു ഘട്ടത്തിലും ഇങ്ങോട്ട് കടന്നുവരാവുന്നതും ഈ നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാവുന്നതുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെയും വിദേശങ്ങളിലുള്ളവരെയും തിരികെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ സംസ്ഥാനത്തിനു പുറത്തുണ്ട്. എല്ലാവര്‍ക്കും ഒരേ ദിവസം ഇങ്ങോട്ട് വരാനാവില്ല. പ്രത്യേക ക്രമീകരണങ്ങള്‍ അതിന് വേണ്ടിവരും.

വിവിധ മലയാളി സംഘടനകള്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കാനും ഇടപെടുന്നുണ്ട്. എന്നാല്‍, എല്ലാ ഇടപെടലുകളെയും അപ്രസക്തമാക്കുന്ന ചില പരിമിതികളും നിലനില്‍ക്കുന്നുണ്ട്. അതിനെയെല്ലാം മറികടക്കാനുള്ള പരിശ്രമത്തിലാണ് നാം. ഇതിനിടയില്‍ വിദ്വേഷം ജനിപ്പിക്കുന്നതോ തെറ്റിദ്ധാരണ പരത്തുന്നതോ ആയ പ്രചാരണങ്ങളില്‍ ആരും മുഴുകരുത്.

കോവിഡ് 19 വൈറസ് നമ്മുടെ നാട്ടിലേക്ക് കടന്നുവന്നത് ആരുടെയെങ്കിലും കുറ്റമോ അലംഭാവമോ കൊണ്ടല്ല. രോഗം എങ്ങനെ വരുന്നു എന്ന ബോധ്യമുണ്ടാവേണ്ടത് വ്യാപനം തടയാനുള്ള പ്രധാന ഉപാധി തന്നൊണ്.

ആ തിരിച്ചറിവ് ശരിക്കും ഉണ്ടാവുക പ്രധാനമാണ്. സംസ്ഥാന അതിര്‍ത്തിയില്‍ ഒരു നിയന്ത്രണവും ഇല്ലാതെയിരിക്കുകയും റെഡ്‌സോണുകളില്‍നിന്ന് വരുന്നവര്‍ എല്ലാവരുമായും അടുത്ത് ഇടപഴകുകയും ചെയ്യുന്നത് ഇന്നത്തെ കാലത്ത് വലിയ അപകടമാണ്. അതുകൊണ്ടാണ് വാളയാര്‍ ഉള്‍പ്പെടെ ശക്തമായ നിലപാട് സര്‍ക്കാര്‍ എടുക്കുന്നത്. ഇതിനര്‍ത്ഥം കേരളത്തിലേക്ക് എത്തുന്ന പ്രവാസികളാകെ രോഗവാഹകരാണെന്നോ അകറ്റിനിര്‍ത്തപ്പെടേണ്ടവര്‍ ആണ് എന്നോ അല്ല. അങ്ങനെ ആക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കുപ്രചാരണങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.