ഇസഹാക്കിന് ആശംസകളുമായി കളക്ടറെത്തി

post

കൊച്ചി: ജന്മനാടിന്റെ സുരക്ഷയിൽ അമ്മയാകാൻ ഭാഗ്യം ലഭിച്ച സോണിയയെയും കുഞ്ഞിനെയും ജില്ലാ കളക്ടർ എസ്.സുഹാസ് സന്ദർശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് കളക്ടർ കളമശ്ശേരി കിൻഡർ ആശുപത്രിയിലെത്തി സോണിയക്കും മകൻ ഇസഹാക്കിനും ആശംസകൾ നേർന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയ സോണിയ ഉൾപ്പടെയുള്ളവരെ ഇന്ത്യൻ നേവി ഓപ്പറേഷൻ സമുദ്ര സേതു രക്ഷാപ്രവർത്തനത്തിലൂടെ നാട്ടിലെത്തിക്കുകയായിരുന്നു. യുദ്ധക്കപ്പലായ ഐ.എൻ.എസ് ജലാശ്വയിൽ മെയ് 10നാണ് കൊച്ചിയിലെത്തിയത്. തിരുവല്ല സ്വദേശിയായ സോണിയ മാലിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഒൻപതു മാസം ഗർഭിണിയായിരുന്നു. പ്രസവ അസ്വസ്ഥകൾ പ്രകടിപ്പിച്ച സോണിയയെ ആരോഗ്യ പ്രവർത്തകർ തുറമുഖത്തുനിന്നു തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കളമശ്ശേരി കിൻഡർ ആശുപത്രിയിൽ സിസേറിയൻ പ്രസവത്തിലൂടെ സോണിയ ആൺകുഞ്ഞിന് ജന്മം നൽകി.

സോണിയയുടെ ഭർത്താവ് ഷിനോജ് കേരളത്തിൽ നഴ്സാണ്.