സുഭിക്ഷ കേരളം : ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനൊരുങ്ങി സർക്കാർ

post

തിരുവനന്തപുരം : കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിനും വളര്‍ച്ചയുടെ പാതയിലേയ്ക്ക് തിരിച്ച് കൊണ്ടു വരുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു. കേരളത്തിന്റെ പുനരുജ്ജീവന പരിപാടിക്ക് തുടക്കമിടുന്നത് കാര്‍ഷിക മേഖലയിലാണ്. കാര്‍ഷിക അനുബന്ധ മേഖലയ്ക്ക് പ്രത്യേകിച്ചും ഭക്ഷ്യോത്പാദനത്തിന് ഈ ഘട്ടത്തില്‍ വലിയ പ്രാധാന്യമാണുള്ളത്.ഈ പശ്ചാത്തലത്തിലാണ് ഭക്ഷ്യോത്പാദന വര്‍ദ്ധനവിനുള്ള 'സുഭിക്ഷ കേരളം പദ്ധതി' നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ കഴിയാവുന്നത്ര എത്തിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. കേരളത്തിന്റെ ഭക്ഷ്യോത്പന്ന വിപണിയെ ഉപയോഗിച്ച് കൊണ്ട് ഉല്പാദനം വര്‍ദ്ധിപ്പിക്കാനും വരുമാനവും സംരഭങ്ങളും തൊഴിലും സൃഷ്ടിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

 കൃഷി,തദ്ദേശ സ്വയംഭരണം, മൃഗ സംരക്ഷണം. ക്ഷീരവികസനം ,ഫിഷറീസ്, ജലവിഭവം, സഹകരണം, വ്യവസായം എന്നീ വകുപ്പുകളുടെയും പ്രാദേശിക സര്‍ക്കാരുകളുടേയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.ഹരിത കേരളം ,കുടുംബശ്രീ, തൊഴിലുറപ്പ്, തുടങ്ങിയ മിഷനുകള്‍, മറ്റ് ഏജന്‍സികള്‍, കാര്‍ഷിക- വെറ്റിനറി-ഫിഷറീസ് സര്‍വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, യുവജന ക്ലബ്ലുകള്‍, ബഹുജന സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണം ഈ പദ്ധതിയുടെ സുഗമവും ,കാര്യക്ഷമവുമായ നടത്തിപ്പിന് ആവശ്യമാണ്.

നിര്‍ദ്ദിഷ്ട പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും, പ്രാദേശിക സര്‍ക്കാരുകളും, സ്ഥാപനങ്ങളും, ഏജന്‍സികളും മുന്‍കൈയെടുക്കും. സംസ്ഥാന തലത്തില്‍ ഈ പദ്ധതി കൃഷി വകപ്പിന്റെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത് .പ്രാദേശിക തലത്തില്‍ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളുമാണ് ഈ പദ്ധതിയുടെ ഏകോപനം സാധ്യമാക്കുന്നത്.

ലക്ഷ്യങ്ങള്‍

 1)നെല്ല്, പഴവര്‍ഗങ്ങള്‍, മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗ്ഗങ്ങള്‍  പച്ചക്കറി ,പയര്‍വര്‍ഗ്ഗങ്ങള്‍, ഇറച്ചിക്കോഴി ,മുട്ടക്കോഴി ,പാല്‍ ആട് ,പോത്ത് ,പന്നി ,മത്സ്യം എന്നിവയുടെ ഉല്പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക.

2) ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം വര്‍ധിപ്പിക്കുകയും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുക.

 3)പരമ്പരാഗത കൃഷി വിജ്ഞാനം ഉള്‍ക്കൊണ്ടുതന്നെ നവീന കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, കാര്‍ഷിക - അനുബന്ധ മേഖലകള്‍ക്ക് പുതു ജീവന്‍ നല്‍കുകയും, അതുവഴി കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും വരുമാനം വര്‍ദ്ധിപ്പിക്കുകയും ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക.

4)യുവജനങ്ങള്‍, തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങി വരുന്ന പ്രവാസികള്‍, വിശ്രമ ജീവിതം നയിക്കുന്നവര്‍ തുടങ്ങി കൂടുതല്‍ പേരെ കൃഷി -അനുബന്ധ മേഖലകളിലേക്കു ആകര്‍ഷിക്കുക, അവര്‍ക്ക് ന്യായമായ വരുമാനം ഉറപ്പാക്കുക.

 5)സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷികാനുബന്ധ മേഖലകളുടെ സംഭാവന വര്‍ദ്ധിപ്പിക്കുക ;കേരളത്തിന്റെ ഭക്ഷ്യോല്‍പന്ന വിപണിയെ സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ഉപയോഗിക്കുക.

 6)കാര്‍ഷികോല്‍പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്രോത്സാഹനം നല്‍കുക.

തരിശു നിലവും ,തരിശു ഭൂമിയും ,പുരയിടങ്ങളും ,വീട്ടുവളപ്പും ,ടെറസ്സുകളും എല്ലാം ഉത്പാദന കേന്ദ്രങ്ങള്‍ ആക്കി മാറ്റുക എന്നതാണ്  ഈ പദ്ധതിയുടെ അടിസ്ഥാന തത്ത്വം. അത് യാഥാര്‍ത്ഥ്യമാക്കുന്നതിന് കൃഷി , മൃഗസംരക്ഷണം ,ക്ഷീരവികസനം , ഫിഷറീസ്,  ജലവിഭവം തുടങ്ങിയ വകുപ്പുകളുടെയും, ഹരിത കേരളം, കുടുംബശ്രീ -  തൊഴിലുറപ്പ് മിഷനുകളുടെയും ബന്ധപ്പെട്ട മറ്റു വികസന സ്ഥാപനങ്ങളുടെയും എല്ലാം പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപന തലത്തില്‍ കേന്ദ്രീകരിക്കുന്ന രീതിയിലുള്ള ഏകോപനം അത്യാവശ്യമാണ്. വകുപ്പുകള്‍ക്കും ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ,ഏജന്‍സികള്‍ക്കും  പ്രത്യേകം പ്രത്യേകം പദ്ധതികള്‍ എന്ന പതിവ് രീതിക്ക് പകരം ഈ മേഖലകളില്‍ തദ്ദേശഭരണ സ്ഥാപന പ്രദേശത്തിന് വേണ്ടി ഒറ്റ പദ്ധതി തയ്യാറാക്കുകയും തുടര്‍ന്ന് പദ്ധതിയിലെ വിവിധ ഘടകങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും നിര്‍വഹണം നടത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ  മുഖ്യ സമീപനം.