സുഭിക്ഷ കേരളം പദ്ധതി : പുന്നയൂര്‍ക്കുളത്തെ 'വിത്ത് വണ്ടി' ശ്രദ്ധേയമാകുന്നു

post

തൃശൂര്‍ : വിത്തും, തൈകളും, നടീല്‍ വസ്തുക്കളുമായി സഞ്ചരിക്കുന്ന കാര്‍ഷിക വിപണിയായ വിത്ത് വണ്ടി പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ പര്യടനം നടത്തി. ശനിയാഴ്ച (മെയ് 16) മന്ദലാംകുന്ന് കിണര്‍, പപ്പാളി, കുമാരന്‍പടി, അണ്ടത്തോട്, പെരിയമ്പലം, തങ്ങള്‍പടി, ചെറായി കെട്ടുങ്ങല്‍, കിഴക്കെ ചെറായി, നാക്കോല എന്നിവിടങ്ങളിലാണ് വിത്ത് വണ്ടി എത്തിയത്. കര്‍ഷകര്‍ക്കും വീട്ടമ്മമാര്‍ക്കും ന്യായ വിലയില്‍ തൈകളും വിത്തുകളും വാങ്ങാന്‍ കഴിയുന്നു എന്നതാണ് വിത്ത് വണ്ടിയുടെ സവിശേഷത. 4000 പച്ചക്കറി തൈകളും, 200ല്‍ അധികം വിത്ത് പാക്കറ്റുകളും, വിവിധയിനം ഫലവൃക്ഷ തൈകളും, കൃഷിക്ക് ആവശ്യമായ വളങ്ങളും വിത്ത് വണ്ടിയിലൂടെ വിപണനം നടത്തി.

നിശ്ചയിച്ചിരുന്ന പനന്തറ, കടിക്കാട്, പുഴിക്കള എന്നിവടങ്ങില്‍ സമയ കുറവ് മൂലം വണ്ടിയ്ക്ക് എത്തിച്ചേരാന്‍ സാധിച്ചിച്ചില്ല. ഇവിടങ്ങളില്‍ വിത്ത് വണ്ടി എത്തിച്ചേരാന്‍ നടപടികള്‍ ഉണ്ടാവുമെന്ന് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് അറിയിച്ചു. തീയതി പിന്നീട് വാര്‍ഡ് മെമ്പര്‍മാര്‍ വഴി അറിയിക്കും. പഞ്ചായത്തിലെ എല്ലാ വീട്ടിലും കൃഷിയിറക്കാന്‍ പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന കാര്‍ഷിക വിപണി ഒരുക്കിയിരിക്കുന്നത്.