ജീവനി സുഭിക്ഷാ പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപയുടെ പ്രത്യേക പദ്ധതി ആരംഭിക്കും

post

പത്തനംതിട്ട : അടൂര്‍ മണ്ഡലത്തില്‍ ജീവനി സുഭിക്ഷാ പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപയുടെ പ്രത്യേക പദ്ധതി ആരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ഇതിനോട് അനുബന്ധിച്ചു നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ജീവനി പദ്ധതി, സുഭിക്ഷാ പദ്ധതി, സുവര്‍ണഭൂമി അടൂര്‍ 2020, ആരാമം അടൂര്‍ 2020 എന്നിങ്ങനെ വിവിധങ്ങളായ കാര്‍ഷിക പദ്ധതികളാണ് അടൂര്‍ മണ്ഡലത്തില്‍ ജൂണ്‍ ആദ്യവാരത്തോടെ ആരംഭിക്കുന്നത്. അടൂര്‍ മണ്ഡലത്തിലെ മുഴുവന്‍ സ്ഥലത്തും കൃഷി വ്യാപിപ്പിച്ച് സ്വയം പര്യാപ്ത നേടുക എന്നതാണ് പദ്ധതി ലക്ഷ്യം. മണ്ഡലത്തിലെ ഏഴു പഞ്ചായത്തിലും രണ്ടു നഗരസഭയിലും ഉള്‍പ്പെടെ തരിശുകിടക്കുന്ന മുഴുവന്‍ സ്ഥലവും കൃഷിക്കായി ഉപയോഗിക്കും. സ്വന്തം ഭൂമിയില്‍ കൃഷിചെയ്യാന്‍ താത്പര്യമില്ലാത്ത ഉടമകളില്‍നിന്നും കൃഷിവകുപ്പ് കൃഷിക്കായി വസ്തു ഏറ്റെടുക്കും.

ജീവനി പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ ആവശ്യമായ വിത്ത്, തൈകള്‍, എന്നിവ നല്‍കും.  സുഭിക്ഷാ പദ്ധതിയിലൂടെ മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവ സാധ്യമാകും. അടുക്കളത്തോട്ടം, ഏത്തവാഴകൃഷി, തേനീച്ച വളര്‍ത്തല്‍, ഇഞ്ചി, കിഴങ്ങ് വര്‍ഗങ്ങള്‍, നെല്ല്, പച്ചക്കറി, പശു, ആട്, മുട്ടക്കോഴി, ഇറച്ചിക്കോഴി, പോത്തുക്കുട്ടി തുടങ്ങിയവയെ വളര്‍ത്തല്‍, ഡയറി യൂണിറ്റുകള്‍, കിടാരി വളര്‍ത്തല്‍, തീറ്റപുല്ല്, ചാണക സംസ്‌കരണവും വിതരണവും, മീന്‍ വളര്‍ത്തല്‍, മത്സ്യ കൃഷി, ഒരു നെല്ലും ഒരു മീനും, ഫലവൃക്ഷത്തോട്ടം, കൃഷിക്കുള്ള കിണര്‍, പടുതാകുളം തുടങ്ങി വിവിധ പദ്ധതികളാണ് ജീവനി, സുഭിക്ഷ എന്നീ പദ്ധതികളിലൂടെ കര്‍ഷകരിലേയ്ക്ക് എത്തുക.

പ്രവാസികളെ ലക്ഷ്യമിട്ട് സുവര്‍ണഭൂമി അടൂര്‍ 2020 എന്നപേരിലും പദ്ധതി ആരംഭിക്കും. ഈ പദ്ധതി പ്രകാരം ഏത്തവാഴ, ആട്, പശു തുടങ്ങിയ ഫാം, ഇറച്ചിക്കോഴി, മുട്ടക്കോഴി, കാട, താറാവ്, പോത്തുകുട്ടി തുടങ്ങിയവ വളര്‍ത്തലിന് പ്രവാസികള്‍ക്ക് പ്രത്യക പരിഗണന നല്‍കും. ഇതിനായി ാഹമീളളശരലമറീീൃ@ഴാമശഹ.രീാ എന്ന മെയില്‍ ഐഡിയിലേക്ക് അപേക്ഷ നല്‍കാന്‍ സാധിക്കും. പ്രോജക്ട് തയാറാക്കുന്നതിനുള്ള സഹായവും എംഎല്‍എ വഴി ലഭിക്കും. കൃഷിചെയ്യാന്‍ സ്ഥലം ഇല്ലാത്തവര്‍ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കിയും ബാങ്ക് വഴി വായ്പ കിട്ടാന്‍ വേണ്ട സഹായവും നല്‍കും.

പന്തളം അടൂര്‍ നഗരസഭാ പരിധിയില്‍ ഉള്ളവര്‍ക്കായി ആരാമം അടൂര്‍ 2020 എന്ന പേരില്‍ ഗ്രോബാഗില്‍ പച്ചക്കറി കൃഷിയും ആരംഭിക്കും. താത്പര്യമുള്ളവര്‍ക്ക് പന്തളം അടൂര്‍ കൃഷിഭവനുകളിലും എംഎല്‍എ ഓഫീസിലും പേര് രജിസ്റ്റര്‍ ചെയ്യാമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ആര്‍ഡിഒ പി.റ്റി. എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേഷ്, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.