പഴമയിലും പുതുമ തേടി കുടുംബശ്രീ ജില്ലാ മിഷന്‍

post

തൃശൂര്‍ : പഴമയിലും പുതുമ തേടുകയാണ് കുടുംബശ്രീ ജില്ലാ മിഷന്‍. ലോക്ഡൗണ്‍ കാലത്ത് അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് നിരവധി വ്യത്യസ്ത ടാസ്‌കുകള്‍ നല്‍കിയ കുടുംബശ്രീ ജില്ലാ മിഷന്‍ ഉപയോഗശൂന്യമായ ഓട് ഉപയോഗിച്ചും പ്ലാവില കുമ്പിളാക്കിയും കൃഷി ഒരുക്കുകയാണ്. ഉപയോഗശൂന്യമായ ഓടുകള്‍ നാലെണ്ണം വീതം മണ്ണില്‍ കുത്തി നിര്‍ത്തി ചതുരാകൃതിയില്‍ ചെടിചട്ടി പോലെയാക്കി അവയെ ചരട് കൊണ്ടോ മറ്റോ കെട്ടി ബന്ധിപ്പിച്ച് അതിനകത്ത് മണ്ണ് നിറച്ചാണ് വിത്ത് പാകുന്നത്. എന്നും നനച്ചു കൊടുത്ത് വിത്തുകള്‍ മുളച്ച് അതില്‍തന്നെ വളരുന്നു. ഇതിനുപുറമേ പ്ലാവില കുത്തിയും കൃഷി ഒരുക്കുകയാണ് കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍. പ്ലാവില കുമ്പിളാക്കി ഈര്‍ക്കില്‍ വെച്ച് ഉറപ്പിച്ച് അതില്‍ ഒരു പാളി മണ്ണും അതിനുമുകളില്‍ വിത്തും വിത്തിന് മുകളില്‍ ഒരു പാളി കൂടി മണ്ണും ഇട്ട് നനച്ച് ഉപയോഗശൂന്യമായ പാത്രങ്ങളിലോ ട്രേകളിലോ നിരത്തിയാണ് തൈകള്‍ മുളപ്പിക്കുന്നത്. ദിവസങ്ങള്‍ക്ക് ശേഷം മുളക്കുന്ന തൈകള്‍ മണ്ണിലോ ഗ്രോ ബാഗിലോ നിറച്ച് കൃഷി തുടരുന്നു. എല്ലാ പഞ്ചായത്തുകളിലും ആവേശകരമായ രീതിയിലാണ് ഈ രണ്ടു കൃഷിരീതികളും അയല്‍ക്കൂട്ട അംഗങ്ങള്‍ തുടര്‍ന്നു വരുന്നത്.