ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചു

post

വയനാട് കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചു. അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ മാങ്ങോട് കോളനി, എടവക ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും, മാനന്തവാടി മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും,  മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 8, 9, 10, 17, 13 വാര്‍ഡുകളും, തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും, വെള്ളമുണ്ട പഞ്ചായത്തിലെ 9, 10, 11, 12 വാര്‍ഡുകളും നെന്മേനി ഗ്രാമ പഞ്ചായത്തിലെ 9, 10, 11, 12 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്.

ജനം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

കോവിഡ്  19 പോസിറ്റീവ് കേസുകളുടെ എണ്ണം വരും ദിവസങ്ങളില്‍ കൂടാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും നിരവധി ആളുകള്‍ വരും ദിവസങ്ങളില്‍ ജില്ലയില്‍ എത്തിച്ചേരും. ഇവര്‍ക്ക് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസിന്റെ സ്വഭാവം മനസ്സിലാക്കി ശീലങ്ങള്‍ മാറ്റിയുള്ള പ്രതിരോധമാണ് പ്രധാന മാര്‍ഗ്ഗം. സാമൂഹിക അകലം പാലിക്കുകയും, മാസ്‌ക് ഉപയോഗിക്കുകയും, സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും  ചെയ്യുന്നത് കര്‍ശ്ശനമായി പാലിക്കണം. 90 ശതമാനം  ആളുകളും ശരീരത്തിന് പുറത്ത്  സുരക്ഷാ കവചം വിട്ടുവീഴ്ചയില്ലാതെ ഒരുക്കിയാല്‍ പ്രതിരോധ ശേഷി ആര്‍ജ്ജിച്ച  സമൂഹമായി  മാറാന്‍ സാധിക്കും. വീടുകളില്‍ നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നവരുടെ മാനസിക ആരോഗ്യ പരിചരണത്തിനായി   സൈക്യാട്രിസ്റ്റ് ഡോ. ഹരീഷിന്റെ നേതൃത്വത്തില്‍ മെന്റല്‍ ഹെല്‍ത്ത് ടീം പ്രവര്‍ത്തിച്ചു വരുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.