ഉപയോഗശൂന്യമായ തോടുകള്‍ നവീകരിച്ച് ഗുരുവായൂര്‍ നഗരസഭ

post

തൃശൂര്‍ : തോട് നവീകരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുവായൂര്‍ നഗരസഭയില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ 12 ഇന പരിപാടികളുടെ ഭാഗമായാണ് തോട് നവീകരണ പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭയുടെ 2020 - 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്മണ്ണൂര്‍ കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോട്, വലിയ തോട്, ചെമ്പ്രം തോട് എന്നിവയാണ് നവീകരിക്കുന്നത്.

ഗുരുവായൂര്‍ നഗരസഭയിലെ 4, 5, 6, 7, 10, 11, 21, 22 എന്നീ വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന തോടുകളാണിവ. വര്‍ഷങ്ങളായി മണ്ണ് നിറഞ്ഞ് ഒഴുക്ക് നിലച്ച് കിടന്നിരുന്ന 11 കിലോമീറ്ററോളം വരുന്ന ഈ തോടുകള്‍ 35 ലക്ഷം ചിലവഴിച്ചാണ് നവീകരിക്കുന്നത്. തോടുകളില്‍ ചെളിയും മണ്ണും നിറഞ്ഞതുമൂലം കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും പരിസര പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെട്ടിരുന്നു. നവീകരണ പദ്ധതി നടപ്പിലാക്കുന്നതോടെ വെള്ളക്കെട്ടിന് പരിഹാരമാകും.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ മഴയ്ക്ക് മുന്‍പ് തോടുകളുടെ നവീകരണം സാധ്യമാകൂ. അതനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി. ചന്ദ്രന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. എസ് ഷെനില്‍, മുന്‍ ചെയര്‍മാന്‍ ടി. ടി ശിവദാസ് എന്നിവര്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.